ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുവന്നത് വയറിന്റെ അസ്വസ്ഥതകൾക്ക്; ഡോക്ടർമാർ കണ്ടെത്തിയത് അപൂർവ രോഗാവസ്ഥ

Advertisement

ലക്നൗ: ഏഴ് മാസം പ്രായമുള്ള ആൺ കുട്ടിയുടെ ശരീരത്തിൽ നിന്ന് രണ്ട് കിലോഗ്രാം ഭാരമുള്ള ഭ്രൂണം പുറത്തെടുത്തു. വയർ വേദനയ്ക്ക് ചികിത്സ തേടിയ കുട്ടിയുടെ വയറിനുള്ളിലാണ് ഭ്രൂണം വളരുന്നത് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തി ഭ്രൂണം പുറത്തെടുക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ സരോജിനി നായിഡു ചിൻഡ്രൻസ് ഹോസ്‍പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. നാല് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖം പ്രാപിക്കുന്നതായി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ഡി കുമാർ പറഞ്ഞു. വൈദ്യശാസ്ത്രത്തിൽ ഫീറ്റസ് ഇൻ ഫീറ്റു എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണിത്. വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന അവസ്ഥയാണിതെന്നും ഡോക്ടർമാർ പറയുന്നു.

ഉത്തർപ്രദേശിലെ പ്രതാപ്ഗർ സ്വദേശിയായ കുട്ടിയുടെ അച്ഛനാണ് ജൂലൈ 24ന് സ്വരൂപ് റാണി നെഹ്റു ഹോസ്പിറ്റലിലെ ഒ.പി വിഭാഗത്തിൽ കുട്ടിയെ കൊണ്ടുവന്നത്. കുഞ്ഞിന്റെ വയർ വീർത്തിരിക്കുന്നതും വേദനയുമായിരുന്നു ലക്ഷണങ്ങൾ. പ്രസവ സമയത്ത് കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു. പ്രാഥമിക പരിശോധനയിൽ കാരണം കണ്ടെത്താനാവാതെ വന്നതോടെ ഡോക്ടർമാർ സിടി സ്കാൻ നിർദേശിച്ചു. ഇതിലാണ് വയറിനുള്ളിൽ മറ്റൊരു ഭ്രൂണം വളരുന്നുവെന്ന് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുക്കുകയായിരുന്നു.

വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നു. ഗർഭ സമയത്ത് ഇരട്ട കുട്ടികളിൽ ഒരാൾ അമ്മയുടെ ഗർഭപാത്രത്തിലും രണ്ടാമത്തെയാൾ ആദ്യത്തെ കുട്ടിയുടെ വയറിനുള്ളിലുമാവുന്നതാണ് ഇത്തരത്തിൽ സംഭവിക്കാൻ കാരണം. കുട്ടിയുടെ വയറിനുള്ളിൽ വളരുന്ന ഭ്രൂണം പൂർണ വളർച്ചയെത്താതെ അവിടെ തന്നെ അവശേഷിക്കുന്നതാണ് പിന്നീട് ഇത്തരത്തിൽ കണ്ടെത്തുന്നത്.

Advertisement