അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏട്; മൻ കി ബാത്തിൽ പ്രധാനമന്ത്രി, താമരക്കുളം സ്കൂളിലെ അധ്യാപകനെക്കുറിച്ചും പരാമർശം

Advertisement

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം. ലക്ഷക്കണക്കിന് പേർ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചു. നിരവധി പേർ അറസ്റ്റിലായി. അടിയന്തരാവസ്ഥയെ കുറിച്ച് യുവാക്കൾ മനസ്സിലാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ബിപർജോയ് ചുഴലിക്കാറ്റ് നേരിട്ട മേഖലകൾ അതിവേഗം ഉയർത്തെഴുന്നേൽക്കും.

കേരളത്തിലെ അധ്യാപകനായ റാഫി രാംനാഥ് മിയാവാക്കി രീതിയിലുണ്ടാക്കിയ ജൈവവൈവിധ്യ വനത്തെ കുറിച്ചും മോദി മൻ കി ബാത്തിൽ പരാമർശിച്ചു. താമരക്കുളം സ്കൂളിലെ അധ്യാപകനാണ് ഇദ്ദേഹം.

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ​ഗാന്ധി രംഗത്തെത്തിയിരുന്നു. കലാപം 40 ദിവസം പിന്നിടുമ്പോഴും നൂറിലേറെ പേർ മരിച്ചിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി പരാജയമാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂർ കലാപത്തിന് കാരണമെന്നും രാഹുൽ ട്വീറ്റിലൂടെ പറഞ്ഞു. കലാപം അവസാനിപ്പിക്കാൻ സ‌ർവകക്ഷി സംഘം ഉടൻ മണിപ്പൂരിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണിപ്പൂരിലെ സ്ഥിതി അതിരൂക്ഷമാണെന്നും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് ജയ്റാം രമേശും നേരത്തെ രംഗത്തെത്തിയിരുന്നു. മണിപ്പൂ‍ർ ഇനിയും ശാന്തമായിട്ടില്ലെന്നും കേന്ദ്രത്തിൻറെ ഇടപെടൽ ഫലപ്രദമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. സമാധാനം പുനസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. കോൺഗ്രസ് പ്രതിനിധി സംഘം സന്ദർശനം നടത്തി സാഹചര്യം വിലയിരുത്തി കാര്യങ്ങൾ രാഷ്ട്രപതിയെ ധരിപ്പിച്ചെന്നും ജയ്റാം രമേശ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മണിപ്പൂർ സന്ദർശിക്കണമെന്നും നേരിട്ട് കാര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പോയില്ലെങ്കിൽ പിന്നെ ആരാണ് പോകുകയെന്ന് ചോദിച്ച ജയ്റാം രമേശ്, മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്ത് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം മണിപ്പൂരിൽ ഇപ്പോഴും കലാപം തുടരുകയാണ്. മെയ്‌തി വിഭാഗം തിരിച്ചടിക്കാൻ നീക്കം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ഇന്ന് പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കലാപത്തിൽ കൊല്ലപ്പെട്ട 9 പേരും മെയ്തി വിഭാഗത്തിൽ പെട്ടവരായിരുന്നു. ഇതിനുള്ള തിരിച്ചടിക്കുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ മണിപ്പൂരിൽ കൂടുതൽ സംഘർഷത്തിന് സാധ്യതയെന്നും പൊലീസ് റിപ്പോർട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.

Advertisement