ഈ ജലാശയത്തില്‍ നിന്ന് വെള്ളം കുടിച്ച 25 ഒട്ടകങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി… കാരണമിതാണ്

മലിനജലം കുടിച്ചതിനെ തുടര്‍ന്ന് 25 ഒട്ടകങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ഗുജറാത്തിലെ ഭാറുഖ് ജില്ലയില്‍ വാഗ്ര താലൂക്കിലെ ഫാമിലെ ചെറിയ ജലാശയത്തില്‍ നിന്ന് വെള്ളം കുടിച്ച ഒട്ടകങ്ങളാണ് ചത്തത്. ഒഎന്‍ജിസി ഓയില്‍ പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ച മൂലമാണ് ജലാശയം മലിനമായതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ഒട്ടകങ്ങളെ സംഭവത്തെ തുടര്‍ന്ന് കാണാതാവുകയും ചെയ്തിരുന്നു.
ഒഎന്‍ജിസി പൈപ്പ് ലൈനിലെ ചോര്‍ച്ചയാണ് ദാരുണമായ സംഭവത്തിന് കാരണമായതെന്ന് ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരോപിച്ചു. വെള്ളവും ഭൂമിയും മലിനമായതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഒഎന്‍ജിസിക്ക് നിര്‍ദേശം നല്‍കിയതായും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിജിലന്‍സ് ഓഫീസറായ ആര്‍ബി ത്രിവേദി അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ജലാശയത്തില്‍ നിന്നും വെള്ളം കുടിച്ചതിനെ തുടര്‍ന്ന് 25 ഒട്ടകങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഗ്രാമവാസികള്‍ അധികൃതരെ ധരിപ്പിച്ചത്.

Advertisement