ചിതറയില്‍ ഉടമയുടെ വ്യാജരേഖകള്‍ തയാറാക്കി ലോറി വില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

ചിതറയില്‍ ഉടമയുടെ വ്യാജരേഖകള്‍ തയാറാക്കി ലോറി വില്‍പ്പന നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കന്നുകാലികളെ കടത്താന്‍ കൈമാറിയ വാഹനം ഉടമ അറിയാതെ പാലക്കാട് ഒറ്റപ്പാലം സ്വദേശിക്കാണ് പ്രതികള്‍ വില്‍പ്പന നടത്തിയത്. ചിതറ വളവുപച്ച സ്വദേശികളായ അസറുദ്ദീന്‍, ഷിജിന്‍ എന്നറിയപെടുന്ന അനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2020 ജനുവരിയില്‍ ചിതറ സ്വദേശി ഷാമിറിന്റെ ഉടമസ്ഥതയിലുളള ലോറിയാണ് പ്രതികള്‍ മറിച്ചുവിറ്റത്.
കന്നുകാലികളെ കൊണ്ട് പോകാന്‍ ലോറി രണ്ടായിരം രൂപ ദിവസവാടകക്ക് പ്രതികള്‍ക്ക് കൈമാറിയതായിരുന്നു. മാസങ്ങള്‍ക്ക് ശേഷം വാഹനത്തെക്കുറിച്ചും കൊണ്ടുപോയവരെക്കുറിച്ചും വിവരം ഇല്ലാതായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ലോറി പാലക്കാട് ഒറ്റപാലം സ്വദേശിയായ മുഹമ്മദ് അനീസിന് വില്‍പ്പന നടത്തിയെന്ന് മനസിലായത്. തുടര്‍ന്ന് ഷാമിര്‍ ചിതറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സേലത്തു നിന്ന് ലോറി പൊലീസ് പിടിച്ചെടുത്തെങ്കിലും പ്രതികള്‍ ഒളിവിലായിരുന്നു. ആന്ധ്രപ്രദേശ് രജിസ്‌ട്രേഷനിലേക്ക് മാറ്റി വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് ലോറി വില്‍പ്പന നടത്തിയത്.

Advertisement