ഹിന്ദുവായ മകനും മുസ്ലിമായ മകളുമുള്ള അമ്മയുടെ സംസ്കാരം ഏതു രീതിയില്‍, തര്‍ക്കത്തിന് ഒടുവില്‍ നടന്നത്

Advertisement

ഹൈദരാബാദ്.ഹിന്ദുവായിരുന്ന അമ്മയുടെ ഒരു മകള്‍ മുസ്ലിം, മകന്‍ ഹിന്ദു. വ്യത്യസ്തമതാചാരം അനുവര്‍ത്തിക്കുന്ന ബന്ധുക്കള്‍ കുടുംബത്തില്‍ ഉണ്ടെങ്കില്‍ ഇതേച്ചൊല്ലി കലഹം പതിവാണ് ഇപ്പോള്‍ അമ്മ മരിച്ചപ്പോള്‍ സംസ്‌കാരം നടത്തുന്നതിനെ ചൊല്ലി വ്യത്യസ്ത മതവിഭാഗക്കാരായ സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ട സംഭവമാണ് വാര്‍ത്തയില്‍. ഹൈദരാബാദിലെ മടന്നപേട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

അമ്മയെ സംസ്‌കരിക്കുന്നത് സംബന്ധിച്ചായിരുന്നു മുസ്‌ലിമായ മകളും ഹിന്ദുമതക്കാരനായ മകനും തമ്മില്‍ വഴക്കിട്ടത്.ഒടുവില്‍ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

വിവരമറിഞ്ഞ് നിരവധിയാളുകളാണ് തടിച്ചുകൂടിയത്. ദാരാബ് ജങ് കോളനിയിലെ 95 കാരിയാണ് മരിച്ചത്. ഇവരുടെ മകനും പേരക്കുട്ടികളും ഛാദര്‍ഗഡിലാണ് കഴിഞ്ഞിരുന്നത്. 20 വര്‍ഷം മുമ്ബ് ഇസ്‌ലാം മതം സ്വീകരിച്ചതാണ് അമ്മയുടെ മകള്‍. 12 വര്‍ഷമായി അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും അമ്മ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ മതാചാരമനുസരിച്ച് സംസ്‌കരിക്കണമെന്നുമാണ് മകള്‍ വാദിച്ചത്. അമ്മയുടെ ആഗ്രഹവും അതാണെന്ന് 60 കാരിയായ മകള്‍ പറഞ്ഞു.

”12 വര്‍ഷമായി ഞാന്‍ അമ്മയെ സംരക്ഷിക്കുന്നു. മറ്റാരും അവരെ തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല. അടുത്തിടെ അവര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അതിനും ആരും സഹായിച്ചില്ല. ഇസ്‌ലാംമതാചാര പ്രകാരം സംസ്‌കാരം നടത്തണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.”-മകള്‍ പറഞ്ഞു. എന്നാല്‍ ഇതിനെ മകനും കുടുംബവും എതിര്‍ക്കുകയായിരുന്നു. ഒടുവില്‍ പൊലീസ് എത്തി മകളുടെ ആഗ്രഹമനുസരിച്ച് അവരുടെ വീട്ടില്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. പിന്നീട് മൃതദേഹം ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കാന്‍ മകനും കുടുംബത്തിനും വിട്ടുകൊടുത്തു.

പ്രശ്‌നം പരിഹരിക്കാന്‍ രണ്ടുമണിക്കൂറോളമാണ് പൊലീസ് ഇരു കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വൃദ്ധ മരിച്ചത്. അവരുടെ രണ്ട് ആണ്‍മക്കള്‍ ജീവിച്ചിരിപ്പില്ല. മകള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് വൃദ്ധമാതാവ് ഇസ്‌ലാം മതം സ്വീകരിച്ചത്. അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ യുവതി പൊലീസിനെ കാണിച്ചിരുന്നു.

Advertisement