കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ്:സംവാദങ്ങളും സിനിമകളുമായിസജീവമായി രണ്ടാംദിനം

Advertisement


കൊല്ലം . കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊല്ലം ശ്രീനാരായണഗുരു സംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പിന്റെ രണ്ടാം ദിവസം ക്യാമ്പംഗങ്ങളുടെ സജീവമായ ചലച്ചിത്ര സംവാദങ്ങളും മികച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളും നടന്നു. ക്യാമ്പിലത്തെിയ ചലച്ചിത്രപ്രവര്‍ത്തകരോട് അര്‍ത്ഥവത്തായ ചോദ്യങ്ങളുന്നയിച്ചുകൊണ്ട് കുട്ടികള്‍ സംവാദ സദസ്സിനെ സജീവമാക്കി.

തലേ ദിവസത്തെ ക്യാമ്പ് അനുഭവങ്ങളുടെ അവലോകനത്തോടെയാണ് രണ്ടാം ദിവസത്തെ സെഷനുകള്‍ തുടങ്ങിയത്. തുടര്‍ന്ന് ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ജി.പ്രജേഷ് സെന്‍ ക്യാമ്പിലത്തെി ‘സിനിമയുടെ ഭാഷ’ എന്ന വിഷയത്തില്‍ ക്‌ളാസെടുത്തു. ‘വെള്ളം’ എന്ന ചിത്രത്തിലെ ‘ആകാശമായവളേ…’ എന്ന ഗാനം സംവിധായകന്റെ സാന്നിധ്യത്തില്‍ മൂന്നു കുട്ടികള്‍ മനോഹരമായി ആലപിച്ചു.
തുടര്‍ന്ന് 1956ല്‍ ആല്‍ബര്‍ട്ട് ലാമോറിസ് സംവിധാനം ചെയ്ത ‘ദ റെഡ് ബലൂണ്‍’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. കാന്‍ ചലച്ചിത്രമേളയില്‍ പാംദി ഓറും ഓസ്‌കാറില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും നേടിയ ചിത്രം ഹര്‍ഷാരവങ്ങളോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. ഉച്ചയ്ക്കുശേഷം നടനും സംവിധായകനുമായ വിപിന്‍ ആറ്റ്‌ലി കുട്ടികള്‍ കണ്ടിരിക്കേണ്ട സിനിമകള്‍ എന്ന വിഷയത്തില്‍ സംസാരിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പൊതുധാരണകളെ വിമര്‍ശിക്കുന്ന ‘ബെന്‍’ എന്ന തന്റെ ചിത്രത്തിന്റെ അനുഭവങ്ങളും വിപിന്‍ ആറ്റ്‌ലി കുട്ടികളുമായി പങ്കുവെച്ചു. തുടര്‍ന്ന് ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത ‘ഓക്ജ’ എന്ന ദക്ഷിണ കൊറിയന്‍ സിനിമ പ്രദര്‍ശിപ്പിച്ചു. പാവം മനുഷ്യരുടെ മൃഗസ്‌നേഹവും മുതലാളിത്തത്തിന്റെ ലാഭക്കൊതിയും ഇരുപുറങ്ങളില്‍ നിര്‍ത്തിക്കൊണ്ട് ഒരു പെണ്‍കുട്ടിയുടെയും ഭീമാകാരനായ ഒരു പന്നിയുടെയും സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമ കുട്ടികള്‍ക്ക് മികച്ച ഒരു ദൃശ്യാനുഭവമായി.
രാത്രിയില്‍ നാടന്‍പാട്ടിന്റെ മധുരം പകര്‍ന്നുകൊണ്ട് ജയചന്ദ്രന്‍ കടമ്പനാടിന്റെ സംഗീതപരിപാടി അരങ്ങേറി. ശിശു ക്ഷേമസമിതിയുടെയും കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെയും സഹകരണത്തോടെ നടത്തുന്ന ക്യാമ്പില്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള 8,9,10 ക്‌ളാസ്സുകളിലുള്ള 56 കുട്ടികളാണ് പങ്കെടുക്കുന്നത്. സമാപന ദിവസമായ ഇന്ന് (25.05.2023) നടന്‍ മുകേഷ് എം.എല്‍.എ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും.

Advertisement