മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമില്ല; 7 വയസുള്ള മകനെ ഉറക്കത്തിൽ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്

Crime tape is set up near a gay nightclub in Colorado Springs, Colo. where a shooting occurred late Saturday, Nov. 19, 2022. (AP Photo/Thomas Peipert)
Advertisement

ഇൻഡോർ: മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമല്ലാത്തതിനാൽ ഏഴു വയസുകാരനായ സ്വന്തം മകനെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.

മൂന്നാം ക്ലാസ് വിദ്യാർഥിയായ പ്രതീകിനെയാണ് പിതാവ് ശശിപാൽ മുണ്ടെ (26) ഉറക്കത്തിനിടെ കഴുത്തുഞെരിച്ചു കൊന്നത്. ശശിപാലിന്റെ മൂന്നാം ഭാര്യയായ പായലിന് (23) അടുത്തിടെ കുഞ്ഞുണ്ടായിരുന്നു. ആദ്യഭാര്യയിലെ മകനായ പ്രതീകിനെ ഒഴിവാക്കാതെ ഇനി വീട്ടിലേക്കു മടങ്ങിവരില്ലെന്ന്, നിലവിൽ മാതാപിതാക്കൾക്കൊപ്പം കഴിയുന്ന പായൽ, ശശിപാലിനു മുന്നറിയിപ്പു നൽകിയിരുന്നു. ഇതോടെയാണ് മകനെ കൊല്ലാൻ ശശിപാൽ തീരുമാനിച്ചത്.

സാധാരണയായി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് പ്രതീക് ഉറങ്ങാറുള്ളത്. എന്നാൽ ഞായറാഴ്ച, കൂളറുള്ള തന്റെ മുറിൽ കിടന്ന് ഉറങ്ങാൻ പ്രതീകിനോട് ശശിപാൽ ആവശ്യപ്പെടുകയായിരുന്നു. ഇതു കേട്ട് സന്തോഷിച്ച പ്രതീക് തന്റെ അവസാന ഉറക്കത്തിലേക്കാണെന്ന് അറിയാതെ മുത്തശ്ശനോടും മുത്തശ്ശിയോടും പറഞ്ഞ ശേഷം പിതാവിന്റെ മുറിയിലേക്കു പോകുകയായിരുന്നു. രാത്രി മകൻ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശശിപാൽ ടിവിയുടെ ശബ്ദം കൂട്ടിവച്ച ശേഷം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു. ഇതിനിടെ മൂന്നാം ഭാര്യ പായലിനെ വിഡിയോ കോൾ വിളിച്ചെങ്കിലും അവർ എടുത്തില്ല. തുടർന്ന് സ്വന്തം മകനെ കൊന്നതിനു തെളിവായി വിഡിയോ എടുത്ത് പായലിന് വാട്‌സാപ്പിൽ അയച്ചുകൊടുത്തു. എന്നാൽ അവർ ശശിപാലിന്റെ നമ്പർ ബ്ലോക്ക് ചെയ്തിരുന്നതിനാൽ വിഡിയോ കണ്ടില്ല. ഇനിയൊരിക്കലും മകൻ ശല്യമാകില്ലെന്ന് അവർക്ക് സന്ദേശമയച്ചിരുന്നുവെന്നും ശശിപാൽ പറഞ്ഞു.

മകനെ കൊന്ന ശേഷം ശശിപാൽ വീട്ടിൽനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് ശശിപാലിനെയും പായലിനെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞതു മുതൽ പായലിന് പ്രതീകിനെ ഇഷ്ടമല്ലായിരുന്നു. ഇതേച്ചൊല്ലി ശശിപാലും പായലും തമ്മിൽ സ്ഥിരമായി വഴക്കടിക്കുമായിരുന്നു. മകനെ വീട്ടിൽനിന്നു മാറ്റിയാൽ മാത്രമേ തിരികെ വീട്ടിലേക്കു വരികയുള്ളുവെന്നു ശശിപാലിന് പായൽ അന്ത്യശാസനം നൽകിയതായി കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജയ്‌വീർ സിങ് ബദോരിയ പറഞ്ഞു. എന്നാൽ മകനെ കൊല്ലാൻ ഭർത്താവിനോട് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പായൽ പറഞ്ഞു. പ്രതീകിനെ കൊല്ലുന്നതിന്റെ വിഡിയോ ശശിപാലിന്റെ ഫോണിൽനിന്നു പൊലീസ് കണ്ടെത്തി.

Advertisement