തുനിഷ ശർമ്മയുടെ മരണം; വിവാദങ്ങൾക്കു മറുപടിയുമായി ഷീസാന്റെ കുടുംബം

മുംബൈ: സീരിയൽ നടി തുനിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു മറുപടിയുമായി, പൊലീസ് കസ്റ്റഡിയിലുള്ള നടൻ ഷീസൻ ഖാന്റെ കുടുംബം. തുനിഷയുടെ മരണത്തിൽ ഷീസൻ ഖാന് യാതൊരു ബന്ധവുമില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് തുനിഷയുടെ അമ്മ വനിതാ ശർമ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി.

ഹിജാബ് ധരിക്കുന്നതിലുൾപ്പെടെ ഒരു കാര്യത്തിലും ഷീസാനോ തങ്ങളോ തുനിഷയെ നിർബന്ധിച്ചിട്ടില്ലെന്ന് അവർ വിശദീകരിച്ചു. ഷീസൻ ഖാന്റെ അമ്മയും രണ്ടു സഹോദരിമാരുമാണ് വാർത്താ സമ്മേളനം വിളിച്ച് വിവാദത്തിൽ പ്രതികരണം അറിയിച്ചത്.

തുനിഷ ശർമ തങ്ങൾക്ക് കുടുംബാംഗത്തെ പോലെയായിരുന്നുവെന്ന് ഇവർ വ്യക്തമാക്കി. ജീവിതം ആസ്വദിക്കണമെന്ന കാഴ്ചപ്പാടായിരുന്നു തുനിഷയുടേത്. പക്ഷേ ജോലി ചെയ്യാൻ നിർബന്ധിക്കുന്നതായിരുന്നു തുനിഷയുടെ അമ്മയുടെ രീതിയെന്നും അവർ വിശദീകരിച്ചു.

മകളുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി തുനിഷയുടെ അമ്മ രംഗത്തെത്തിയിരുന്നു. മകളുമായി ഇഷ്ടത്തിലായിരുന്ന നടൻ ഷീസൻ ഖാനും കുടുംബാംഗങ്ങളും മകളെ മതംമാറ്റത്തിനു നിർബന്ധിച്ചതായും അവർ ആരോപിച്ചിരുന്നു. തുനിഷ ശർമ, ഷീസന്റെ ഫോൺ പരിശോധിച്ചപ്പോൾ മറ്റു സ്ത്രീകളുമായി ബന്ധം പുലർത്തുന്നതായി വ്യക്തമാക്കുന്ന മെസേജുകൾ കണ്ടതായും ആരോപണമുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഷീസൻ മകളെ അടിച്ചതായും വനിത ശർമ ആരോപിച്ചിരുന്നു.

അതേസമയം, തുനിഷ ശർമ സ്വന്തം കുടുംബാംഗത്തെ പോലെയായിരുന്നുവെന്നും അവളുടെ വേദന കാണാൻ ആഗ്രഹിച്ചിരുന്നില്ലെന്നും നടി കൂടിയായ ഷീസന്റെ സഹോദരി ഫലാഖ് നാസ് വ്യക്തമാക്കി. തുനിഷയും അമ്മയും പലതവണ വീട്ടിൽ വന്നിട്ടുണ്ട്. ആരെയും ഒന്നും ചെയ്യാൻ നിർബന്ധിച്ചിട്ടില്ലെന്നും, ‘ഹിജാബ് ധരിക്കാൻ നിർബന്ധിച്ചിരുന്നോ’ എന്ന ചോദ്യത്തിന് ഉത്തരമായി ഫലാഖ് നാസ് പറഞ്ഞു. തുനിഷ ഹിജാബ് ധരിച്ച് ഷീസനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.

‘തുനിഷയ്ക്ക് നീതി കിട്ടണം എന്നതു തന്നെയാണ് ഞങ്ങളുടെയും ആവശ്യം. പക്ഷേ, തുനിഷയുടെ അമ്മ എല്ലാ ആരോപണങ്ങളും ഷീസനെതിരെ വഴിതിരിച്ചു വിടുകയാണ്. അവരുടെ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല’ – ഫലാഖ് നാസ് ചൂണ്ടിക്കാട്ടി.

‘തുനിഷയുടെ ജൻമദിനമായ ജനുവരി നാലിന് അവൾക്കൊരു സർപ്രൈസ് നൽകാനുള്ള തയാറെടുപ്പിലായിരുന്നു ഞങ്ങൾ. ഇക്കാര്യം അവളുടെ അമ്മയ്ക്കും അറിയാം. ഞങ്ങൾക്ക് അവൾ ഇളയ സഹോദരി തന്നെയായിരുന്നു. ഞങ്ങൾ അവൾക്കൊപ്പം ആറു മാസം ഒന്നിച്ചു ചെലവഴിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ അവൾ അതീവ സന്തോഷവതിയായിരുന്നു’ – ഫലാഖ് നാസ് പറ‍ഞ്ഞു.

ഷീസനും കുടുംബാംഗങ്ങൾക്കുമെതിരെ തുനിഷയുടെ അമ്മ ഉന്നയിക്കുന്ന ആരോപണങ്ങൾക്കു തെളിവു നൽകണമെന്ന് ഷീസന്റെ അമ്മ ആവശ്യപ്പെട്ടു. ഷൂട്ടിനിടെ ഷീസൻ തുനിഷയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘അങ്ങനെയെങ്കിൽ അക്കാര്യം ഞങ്ങളെയോ അധികൃതരെയോ അറിയിച്ചില്ല’ എന്നായിരുന്നു ഷീസന്റെ അമ്മയുടെ ചോദ്യം.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് നടിയെ സീരിയലിന്റെ സെറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീസൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതാണു ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ആരോപണം.

Advertisement