ചീഫ്‌ ജസ്റ്റിസ്‌ പദവിയില്‍ നിന്ന്‌ ജസ്റ്റിസ്‌ ചന്ദ്രചൂഢിനെ അയോഗ്യനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹര്‍ജി

Advertisement

ന്യൂഡല്‍ഹി: ജസ്റ്റിസ്‌ ചന്ദ്രചൂഢിനെ ചീഫ്‌ ജസ്റ്റിസായി നിയമിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ ഹര്‍ജി. രാഷ്ട്രപതി നേരിട്ട്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്‌ സത്യപ്രതിജ്ഞ ചെയ്യരുതെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ലോയേഴ്‌സ്‌ ആന്‍ഡ്‌ മനുഷ്യാവകാശ പ്രവര്‍ത്തകര അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ എം എ ഷെയ്‌ഖ്‌ ആണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

ഇദ്ദേഹത്തിന്‌ വേണ്ടി അഡ്വ. ആനന്ദ്‌ ജൊന്‍ധാലെ കേസില്‍ ഹാജരാകും. ഇദ്ദേഹത്തെ സഹായിക്കാനായി രാജ്യമെമ്പാടുമുള്ള 70 അഭിഭാഷകരും എത്തുമെന്നാണ്‌ സൂചന. ജസ്റ്റിസ്‌ ചന്ദ്രചൂഢ്‌ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്നും വേര്‍തിരിവുകള്‍ കാട്ടിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ തെളിവുകള്‍ നിരത്തി ആരോപിക്കുന്നു. ധനികര്‍ക്കും മുതിര്‍ന്ന അഭിഭാഷകര്‍ക്കും വഴിവിട്ട പല സഹായങ്ങളും നല്‍കിയിട്ടുണ്ട്‌.

സുപ്രീം കോടതി ജഡ്‌ജിയായിരുന്ന വേളയില്‍ തന്നെ ഇദ്ദേഹം സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടുണ്ട്‌. പതിമൂന്നിലേറെ പ്രാവശ്യം ഇദ്ദേഹം നിയമവിരുദ്ധമായി പെരുമാറിയിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹം പരാതിക്കാരുടെയും അഭിഭാഷകരുടെയും മൗലികാവകാശങ്ങളും പലവട്ടം ലംഘിച്ചതായി പരാതിയില്‍ പറയുന്നു.

Advertisement