കുളിപ്പിച്ച് കുളിപ്പിച്ച് ചക്കുവള്ളി – പുതിയകാവ് റോഡ് കുളമായി

Advertisement

ചക്കുവള്ളി : നവീകരണം പാതിവഴിയിൽ നിലച്ചതിനെ തുടർന്ന് തിരക്കേറിയ ചക്കുവള്ളി – പുതിയകാവ് റോഡിൽ യാത്ര ദുഷ്ക്കരം.കുന്നത്തൂർ,കരുനാഗപ്പള്ളി താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ് കാൽനടയാത്രയ്ക്ക് പോലും കൊള്ളാത്ത അവസ്ഥയിലായത്.നിർമ്മാണം തുടങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും റോഡ് നവീകരണം യാഥാർഥ്യമാകാത്തതാണ് ദുരിതമായത്.നവീകരണത്തിന് മുമ്പ് ഭാഗികമായി സഞ്ചാരയോഗ്യമായിരുന്ന റോഡാണ് അധികൃതർ കുളമാക്കിയത്.തകർന്ന
റോഡിലൂടെയുള്ള യാത്ര നാട്ടുകാർക്ക് ദുരിതമാണ് സമ്മാനിക്കുന്നത്.

തീരദേശ -മലയോര മേഖലയെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട കാട്ടിൽക്കടവ് – പത്തനാപുരം പാതയുടെ ഭാഗമായിട്ടാണ് റോഡ് വീതികൂട്ടി പുനർനിർമിക്കുന്നത്.16 കോടി രൂപ ചെലവഴിച്ചാണ് കാട്ടിൽക്കടവ് മുതൽ ചക്കുവള്ളി വരെയുള്ള റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നത്.ഇതിൻ്റെ ഭാഗമായി ഓടകളുടെയും കലങ്കുകളുടെയും നിർമാണം പൂർത്തിയായി.ചിലയിടങ്ങളിൽ ടാറിങും നടത്തി.എന്നാൽ പിന്നീട് പണി നിലച്ചിരിക്കുകയാണ്.

തൊടിയൂർ പാലം – ചക്കുവള്ളി റോഡിൽ പലയിടത്തും റോഡ് കുത്തിപ്പെളിച്ച് മെറ്റലും പൊടിയും കലർന്ന മിശ്രിതം നിരത്തിയിട്ട് മാസങ്ങളായി.റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതും മെറ്റൽ ചീളുകൾ റോഡിലാകെ വ്യാപിച്ചുകിടക്കുന്നതും കാരണം അപകടങ്ങളും പതിവായി.വേനൽക്കാലത്ത് പൊടി ശല്യവും മഴക്കാലത്ത് വെള്ളക്കെട്ടും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കയാണ്.


അപകടങ്ങളും പതിവ് കാഴ്ചയാണ്.സ്ത്രികൾ ഉൾപ്പെടെയുള്ള ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.മഴ തുടങ്ങിയതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞതും യാത്രക്കാർക്ക് അപകടക്കെണി ആവുകയാണ്.വാഹനങ്ങൾ പോകുമ്പോൾ ചെളിയും വെള്ളവും സമീപത്തെ കടകളിലേക്കും യാത്രക്കാരുടെ ശരീരത്തിലേക്കും തെറിക്കുന്നത് സ്ഥിരം സംഭവമാണ്. റോഡ് അരയടി ഉയർത്തിയുള്ള നിർമ്മാണം ആയതിനാൽ കെ.സി.ടി മുക്ക് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മഴക്കാലത്ത് വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും മുന്നിൽ വെള്ളക്കെട്ട് പതിവാണ്.ഓട നിർമാണത്തിൽ അശാസ്ത്രിയതയാണ് ഇതിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.പള്ളിച്ചന്ത,
തൊടിയൂർ,പതാരം മുക്ക് എന്നിവിടങ്ങളിലും സമാന അവസ്ഥയാണ്.

Photo:ചക്കുവള്ളി – പുതിയകാവ് റോഡിൽ ശൂരനാട് കെ.സി.ടി മുക്കിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ പാതയോരത്ത് രൂപപ്പെട്ട വെളളക്കെട്ട്

Advertisement