അരിനല്ലൂരില്‍ ബസും കാറും കൂട്ടിഇടിച്ചു, മേഖലയില്‍ അപകടം നിത്യസംഭവം

Advertisement

തേവലക്കര. അരിനല്ലൂരില്‍ കല്ലുംപുറത്ത്മുക്കിലെ കൊടുംവളവില്‍ സ്വകാര്യബസും കാറുംകൂട്ടി ഇടിച്ചു. ഭാഗ്യംകൊണ്ട് ആളപായം ഒഴിവായെങ്കിലും മേഖലയിലെ വാഹനയാത്ര വന്‍ഭീഷണിയായിമാറിയിട്ടുണ്ട്.

ജില്ലയിലെ സംസ്ഥാന പാതകളില്‍ ഏറെ തിരക്കുള്ള പാതയാണ് ടൈറ്റാനിയം-ശാസ്താംകോട്ട പാത. ഇതില്‍ കാരാളിമുക്ക്- ടൈറ്റാനിയം പാത വളരെ ഇടുങ്ങിയതും നിരന്തരം അപകടം സംഭവിക്കുന്നതുമാണ്. പത്തുവര്‍ഷം മുന്പ് ഹൈടെക് ആയി ഈ റോഡ് നിര്‍മ്മിച്ചതാണ്.

എന്നാല്‍ റോഡ് മാത്രമാണ് ഹൈടെക് ആയത്. വളവും തിരിവും അതുപോലെ തുടര്‍ന്നു എന്നുമാത്രമല്ല റോഡിന് വശത്ത് കാല്‍നടക്കുപോലും സ്ഥലമില്ലാത്ത അവസ്ഥയുണ്ട്. ജംക്ഷനുകളില്‍ കടകളുടെ ബോര്‍ഡുകള്‍ റോഡിലേക്ക് ഇറക്കി വയ്ക്കുന്നുണ്ട്. സാധനങ്ങള്‍ കയറ്റി ഇറക്കാന്‍ റോഡിലെ സ്ഥലം അമിതമായി ഉപയോഗപ്പെടുത്തുന്നു, നിര്‍മ്മാണ സാമഗ്രികള്‍ പലപ്പോഴും റോഡിനു ചേര്‍ന്ന് സംഭരിക്കുന്നു. ഇങ്ങനെ അപകടാവസ്ഥ പലതാണ്. പടപ്പനാലില്‍ റോഡിനുവശത്തെ ഓട്ടോ സ്റ്റാന്‍ഡ് ഏറെ തര്‍ക്കങ്ങള്‍ക്കും കോടതി നിര്‍ദ്ദേശത്തിനും ശേഷം അടുത്തിടെ മാറ്റി സ്ഥാപിച്ചു. എന്നാല്‍ മറ്റ് പല ജംക്ഷനുകളിലും പ്രശ്നം തുടരുന്നുണ്ട്.

റോഡ് നന്നായതോടെ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ പായുന്നതും അപകടം സൃഷ്ടിക്കുന്നതും പതിവായി. കഴിഞ്ഞദിവസവും അരിനല്ലൂരില്‍ ഒരു യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഇതിന് മാസങ്ങള്‍മുന്പും മേഖലയില്‍ അപകടമരണമുണ്ടായിട്ടുണ്ട്. അപകടം ഏറെയുള്ള മേഖലയാണ് ടൈറ്റാനിയം മുതല്‍ തോപ്പില്‍മുക്ക്(പട്ടകടവ്)വരെയുള്ളഭാഗം. വഴിയോരത്തെ സ്വകാര്യഭൂമിയിലെ മരങ്ങള്‍ വളര്‍ന്ന് കാഴ്ചമറയ്ക്കുന്നു. റോഡിന് വശത്ത് ഒരടിപോലും സ്ഥലം കാല്‍നടക്കാര്‍ക്കില്ല.

കോട്ടൂര്‍മുക്ക്,കുമ്പഴമുക്ക്,കല്ലുംപുറത്തുമുക്ക് മേഖലയില്‍ കൊടുംവളവുകളാണ്. ദേശീയപാതയുടെ ശുപാര്‍ശയിലുള്ള സ്ഥലമായതിനാലാണ് അധികൃതര്‍ ശ്രദ്ധിക്കാത്തതെന്ന് ആക്ഷേപമുണ്ട്.

Advertisement