തൊട്ടപ്പുറം പൊലീസും ഫയര്‍ഫോഴ്സും കടലില്‍പോകുന്നവരുടെ സംഘങ്ങളും എന്നിട്ടും അശ്വിനും വിഘ്നേഷും മുങ്ങിത്താണത് ആരും കണ്ടില്ല

Advertisement

കുന്നത്തൂർ : ചുറ്റും പൊലീസും കടലില്‍പോകുന്നവരുടെ സംഘങ്ങളും, വിളിപ്പാടകലെ ഫയര്‍ആന്‍ഡ് റെസ്ക്യൂ ഫോഴ്സ്, എന്നിട്ടും രണ്ടു കുട്ടികള്‍മുങ്ങിത്താണത് ആരുമറിയാതെപോയി. പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ ഉത്സവ ദിവസം വെൺകുളം ഏലായിലെ കുളത്തിൽ മുങ്ങിമരിച്ച കുട്ടികള്‍ നേരിട്ടത് അസാധാരണ വിധിവൈപരീത്യം. സാധാരണ ആരെങ്കിലും വെള്ളത്തില്‍ മുങ്ങിയാല്‍ കിലോമീറ്ററുകള്‍ ഓടി എത്തേണ്ട സേയും എന്തിനും പോന്ന വന്‍ ജനക്കൂട്ടവുംതൊട്ടടുത്ത് ഉണ്ടായിട്ടും കുട്ടികള്‍മുങ്ങിത്താണത് അറിയാതെ പോയി.

നാടിനെ കണ്ണീരിലാക്കി വിടപറഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചു.പോരുവഴി ഇടയ്ക്കാട് തെക്ക് സി.പി മുക്കിനു സമീപം അമ്പാടിയിൽ സുനിലിൻ്റെ മകനും കടമ്പനാട് കെ ആർ കെ പി എം ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ അശ്വിൻ സുനിൽ (16),ബന്ധു തെന്മല ആര്യങ്കാവ് കഴുതുരുട്ടി വെഞ്ച്വർ എസ്റ്റേറ്റ് സജി സദനത്തിൽ ഒറ്റക്കൽ എച്ച് എസ്.എസ് പ്ലസ്ടു വിദ്യാർത്ഥി വിഘ്നേഷ് (17) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകിട്ട് 7ഓടെ മരിച്ചത്. ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹങ്ങൾ ഇരുവരുടെയും വീടുകളിലെത്തിച്ച് പൊതു ദർശനത്തിനു വച്ച
ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ മലനടയിലെ കെട്ടുരുപ്പടികൾ അണിനിരന്ന വെൺകുളം ഏലായിലെ കുളത്തിൽ കാൽ കഴുകവേയാണ് ഇവർ വീണത്.ഏലായിൽ നിന്നും ശരീരത്തിൽ പറ്റിയ ചെളി കഴുകികളയാനാണ് സുഹൃത്തുക്കളായ ഇവരെത്തിയത്.കുളത്തിലെ അപകട സാധ്യത അറിയാതെ ഇറങ്ങിയ കുട്ടികൾ ചെളിയിൽ അകപ്പെടുകയായിരുന്നു.ഇവരുടെ നിലവിളി ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.പിന്നീട് ഫയർഫോഴ്സും പോലീസും ചേർന്ന് കരയ്ക്ക് എത്തിച്ചേപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.തുടക്കത്തിൽ മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞിരുന്നില്ല.അജ്ഞാതരായ യുവാക്കൾ മരിച്ചുവെന്നായിരുന്നു വാർത്ത പരന്നത്.പിന്നീട് പോലീസ് പുറത്തുവിട്ട മൃതദേഹങ്ങളുടെ ചിത്രങ്ങൾ സഹിതം വാർത്ത വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.

Advertisement