കൊല്ലം പ്രാദേശിക ജാലകം

Advertisement

സി.സി മുടങ്ങിയതിന് ആട്ടോഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടികൊണ്ട് പോയ സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍

പാരിപ്പളളി .ആട്ടോയുടെ സി.സി. മുടങ്ങിയതിന് ആട്ടോ ഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടി കൊണ്ട് പോയ സംഘത്തിലെ ഒരാളെ പാരിപ്പളളി പോലീസ് പിടികൂടി. കല്ലമ്പലം പുല്ലൂര്‍മുക്ക് സുനില്‍ നിവാസില്‍ റീബു (40) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 18ന് പാരിപ്പളളി മെഡിക്കല്‍ കോളേജിന് സമീപത്തെ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടം വിളിച്ച് കൊണ്ട് പോയ ആട്ടോയാണ് തട്ടി കൊണ്ട് പോയത്. കല്ലമ്പലത്തെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും പണം കടമെടുത്ത് വാങ്ങിയ ആട്ടോയുടെ തവണ മുടങ്ങിയതിനെ തുടര്‍ന്ന് പ്രതിയുള്‍പ്പെട്ട സംഘം ആട്ടോയില്‍ കയറി മൈലാടുംപാറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഡ്രൈവറെ ആക്രമിച്ച് ആട്ടോ തട്ടിയെടുക്കുകയായിരുന്നു.

തുടര്‍ന്ന് ആട്ടോ ഡ്രൈവറുടെ പരാതിയില്‍ പാരിപ്പളളി പോലീസ് സ്റ്റേഷനില്‍ കവര്‍ച്ചയ്ക്ക് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സംഘത്തിലുള്‍പ്പെട്ട റീബുവിനെ കല്ലമ്പലത്ത് നിന്നും പിടികൂടിയത്. സമീപത്തെ ക്ഷേത്രത്തിന് പുറകില്‍ ഒളിപ്പിച്ച ആട്ടോയും പോലീസ് പിടികൂടി.
പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബറിന്‍റെ നേതൃത്വത്തില്‍, എസ്സ്.ഐ അനൂരൂപ എ.എസ്.ഐമാരായ അഖിലേഷ്, നന്ദകുമാര്‍, ബിജൂ, എസ്.സി.പി.ഓ നൗഷാദ്, സി.പി.ഒ അനൂപ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ഗഞ്ചാവുമായി യുവാവ് വിദ്യാലയ പരിസരത്ത് നിന്നും പോലീസ് പിടിയിലായി

കൊല്ലം.വിദ്യാര്‍ത്ഥികള്‍ക്ക് ഗഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച യുവാവിനെ കൊട്ടിയം പോലീസ് ഗഞ്ചാവുമായി പിടികൂടി. കൊല്ലം സിറ്റി പോലീസ് പരിധിയില്‍ മയക്ക്മരുന്ന് സംഘങ്ങള്‍ക്കെതിരെ നടത്തി വരുന്ന സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായ പരിശോധനയിലാണ് യുവാവ് പിടിയിലായത്.


ഉമയനല്ലൂര്‍ കല്ലുകുഴി ഷിബിന മന്‍സിലില്‍ .ഷഹനാസ് (24) ആണ് പോലീസിന്‍റെ പിടിയിലായത്. തഴുത്തല പറക്കുളത്തിന് സമീപമുളള വിദ്യാലയ പരിസരത്ത് നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. മയക്ക്മരുന്ന് വിപണനം സംബന്ധിച്ച് പരിശോധന നടത്തി വന്ന പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ കൈവശം നിന്നും ഏഴ് പൊതികളിലായി സൂക്ഷിച്ച 45 ഗ്രാം ഗഞ്ചാവാണ് പോലീസ് പിടികൂടിയത്.
കൊട്ടിയം സബ്ബ് ഇന്‍സ്പെക്ടര്‍ സുജിത്ത് ജി നായരുടെ നേതൃത്വത്തില്‍ എ.എസ്സ്.ഐ സുനില്‍കുമാര്‍, സി.പി.ഒ മാരായ അനൂപ്, ജാക്സണ്‍, നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് ഗഞ്ചവ് പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ആള്‍താമസമില്ലാത്ത വീടിന്‍റെ ജനല്‍കമ്പി തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഘം പോലീസ് പിടിയിലായി
കൊല്ലം.ആള്‍താമസമില്ലാത്ത വീടിന്‍റെ ജന്നാല്‍ കമ്പി മുറിച്ച് മാറ്റി മോഷണം നടത്തിയ സംഘത്തെ ഇരവിപുരം പോലീസ് പിടികൂടി. വടക്കേവിള വില്ലേജില്‍ അയത്തില്‍ നഗര്‍ 193 താഴത്ത് വിള വയലില്‍ വീട്ടില്‍ പ്രസീദ് (24), തൃക്കോവില്‍വട്ടം മുഖത്തല കിഴവൂര്‍ ബ്രോണോ വിലാസത്തില്‍ അജേഷ് (19), വടക്കേവിള ശാന്തിനഗര്‍ 208 പയറ്റുവിള പടിഞ്ഞാറ്റതില്‍ ശ്രീമോന്‍ (34, സതീശന്‍) എന്നിവരാണ് പോലീസ് പിടിയിലായത്.

അയത്തില്‍ എസ്. എസ് വിഹാര്‍ എന്ന വീട്ടില്‍ താമസിച്ചിരുന്ന സദാനന്ദന്‍നായരും കുടുംബവും മകളെ സന്ദര്‍ശിക്കുന്നതിന് വേണ്ടി കര്‍ണ്ണാടകയിലേക്ക് പോയ അവസരം വിനിയോഗിച്ചാണ് ഇവര്‍ മോഷണം നടത്തിയത്. ഇവരുടെ വീടിന് സമീപത്ത് താമസക്കാരനായ പ്രസീദിന് വീട്ടുകാര്‍ സ്ഥലം വിട്ട് പോയതിനെ കുറിച്ച് അറിയാമായിരുന്നു. രാത്രി വീട്ടിലെത്തി സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാക്കിയിട്ടാണ് ഇവര്‍ മോഷണം നടത്തിയത്.

തുടര്‍ന്ന് ജന്നല്‍ കമ്പി കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റി അകത്ത് ബെഡ്റൂമിന്‍റെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പവന്‍ സ്വര്‍ണ്ണവും, 80000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും മറ്റ് സാമഗ്രികളും ഇവര്‍ മോഷ്ടിച്ചു. അടുത്ത ദിവസം വീട് വൃത്തിയാക്കാന്‍ വന്ന ജോലിക്കാര്‍ ജന്നല്‍ തകര്‍ന്ന് കിടക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും മോഷ്ടക്കാളെ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് പ്രതികളെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി. ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അയത്തില്‍ നിന്നും ഇവരെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണത്തില്‍ ഒന്നര പവനും നാലായിരം രൂപയും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. അയത്തിലെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക്ക് കട്ടറും, ഡ്രില്ലിംഗ് മെഷ്യനും, മൊബൈല്‍ ഫോണും മറ്റൊരിടത്ത് നിന്നും ആറ് ബാറ്ററികളും മോഷ്ടിച്ചതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു. പ്രസീദ് മുമ്പ് മെഡിസിറ്റി ആശുപത്രിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലും, പാലത്തറ ആരോഗ്യകേന്ദ്രത്തില്‍ നിന്നും ആംപ്യൂള്‍ മോഷണം ചെയ്ത സംഭവത്തിലും ഉള്‍പ്പെട്ടയാളാണ്.


കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്‍റെ മേല്‍നോട്ടത്തില്‍ ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ മാരായ അരുണ്‍ഷാ, ജയേഷ്, ഷാജി, ആന്‍റണി എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ മാരായ അനില്‍കുമാര്‍, രാജേഷ്കുമാര്‍, സി.പി.ഒമാരായ വിനുവിജയ്, ഷാനവാസ്, ദിലീപ്, സാംസണ്‍, മനാഫ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

പാൽ കയറ്റിവന്ന ടാങ്കർ ലോറി ദേശീയപാതയിൽ തലകീഴായി മറിഞ്ഞു

പാൽ കയറ്റിവന്ന ടാങ്കർ ലോറി ദേശീയപാതയിൽ തലകീഴായി മറിഞ്ഞു.വ്യാഴാഴ്ച പുലർച്ചെ നാലരയോടെ കരുനാഗപ്പള്ളി പുതിയകാവ് ജംഗ്ഷനു സമീപമായിരുന്നു അപകടം. ടാങ്കർ ഡിവൈഡറിൽ തട്ടി തലകീഴായി മറിയുകയായി കുന്നു. മൈസൂറിൽനിന്നും മിൽമാ കൊല്ലം ഡയറിയിലേക്ക് പോകുകയായിരുന്ന ടി എൻ.29 ഡി എക്സ് 3033 എന്ന നമ്പരിലുള്ള ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഇരുപതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇദ്ദേഹം പരുക്കേൽക്കാതെ രക്ഷപ്പെട്ടു.കരുനാഗള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തി 3 ക്രയിനുകൾ ഉപയോഗിച്ച് മൂന്നു മണിക്കൂറിലധികം പരിശ്രമം നടത്തിയാണ് ലോറി ഉയർത്തി റോഡിലെ ഗതാഗത തടസം നീക്കിയത്.

ചമഞ്ഞെത്തിയ ചമയവിളക്ക്

ചവറ കൊറ്റന്‍കുളങ്ങര ഉല്‍സവത്തോടനുബന്ധിച്ച ചമയവിളക്ക് തുടങ്ങി

ആരോഗ്യ കാർഷിക മേഖലകൾക്ക് പ്രാധാന്യം നൽകി ഓച്ചിറ ബ്ലോക്കിൽ 2022-23 വർഷത്തെ ബഡ്ജറ്റ്

ഓച്ചിറ .ആരോഗ്യ കാർഷിക മേഖലകൾക്ക് പ്രാധാന്യം നൽകി ഓച്ചിറ ബ്ലോക്കിൽ 2022-23 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.23,2743080 രൂപ വരവും 23,19,18080 രൂപ ചെലവും 8,25,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സുനിതാ അശോകാണ് അവതരിപ്പിച്ചത്.

കാർഷിക മേഖലയ്ക്ക് 3,63,79890 രൂപയും ഭവന നിർമ്മാണത്തിന് 36,25400 രൂപയും ആരോഗ്യമേഖലയ്ക്ക് 43,10 275 രൂപയും സ്മാർട്ട് അങ്കണവാടി, മത്സ്യതൊഴിലാളികൾക്ക് കട്ടമരം തുടങ്ങിയ പദ്ധതികളും ബഡ്ജറ്റ് മുന്നോട്ടുവയ്ക്കുന്നു. ബ്ലോക്ക് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ അധ്യക്ഷയായി.ബിഡിഒ സക്കീർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ ടി രാജീവ്, സുൽഫിയ ഷെറിൻ, ഗീതാകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എല്ലാ കുടുംബങ്ങളിലും മുട്ട ഉത്പാദനം വർധിപ്പിക്കും
മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തില്‍ 1000 കുടുംബാംഗങ്ങള്‍ക്ക് കോഴിയും തീറ്റയും നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കല്ലുകടവ് ജംഗ്ഷനില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.അര്‍ഹരായ എല്ലാ കുടുംബാംഗങ്ങള്‍ക്കും മൃഗസംരക്ഷണ മേഖലയില്‍ അതിജീവന ആവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും എല്ലാ കുടുംബങ്ങളിലും മുട്ട ഉത്പാദനം നടത്തുന്നതിന് ആവശ്യമായ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.കോവൂര്‍ കുഞ്ഞുമോന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ഭൂരേഖ കൈമാറല്‍ ബ്ളോക്ക് പ്രസിഡന്‍റ് അന്‍സര്‍ഷാഫിയും വൃദ്ധ ജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണത്തിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍. അഡ്വ അനില്‍ എസ് കല്ലേലിഭാഗം നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം സെയ്ദ് പരിപാടികള്‍ വിശദീകരിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2021-2022 വർഷത്തെ വിവിധ പദ്ധതികളുടെ അനുകൂല്യ ഉദ്ഘാടനം മന്ത്രി ചിഞ്ചു റാണി നിർവഹിക്കുന്നു


പഞ്ചായത്തിലെ കുടുംബശ്രീയില്‍.ഉള്‍പ്പെട്ട 1000 വനിതകള്‍ക്ക് ഒരാള്‍ക്ക് 10 വീതം കോഴികുഞ്ഞുങ്ങളേയും 3 കിലോ തീറ്റയും മരുന്നും വിതരണം ചെയ്യുന്ന പദ്ധതിയാണ് വനിതാമിത്രം.കേരള സംസ്ഥാന പൌള്‍ട്രി വികസന കോര്‍പ്പറേഷന്‍റെ നേതൃത്യത്തിലാണ് ഈ പരിപാടി നടപ്പിലാക്കുന്നത്.ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ലാലി ബാബു ,സ്ഥിരം സമിതി അംഗങ്ങളായ മൈമുന നജീബ് , ഷീബാ സിജു , ഷാജി ചിറക്കുമേല്‍ ബ്ളോക്ക് അംഗങ്ങളായ വൈ.ഷാജഹാന്‍ , രാജി രാമചന്ദ്രന്‍ , എന്നിവരും പഞ്ചായത്ത് അംഗങ്ങളായ ബിജുകുമാര്‍, ബിന്ദുമോഹന്‍ , ജലജ രാജേന്ദ്രന്‍ , ഡോ.പി സെല്‍വകുമാര്‍ എന്നിവരും പ്രസംഗിച്ചു.പഞ്ചായത്ത് സെക്രട്ടറി സി ഡെമാസ്റ്റന്‍ നന്ദി പ്രകാശിപ്പിച്ചു

ഡോ. ബി.രവി പിള്ള എന്റോവ്മെന്റ് വിതരണം ചെയ്തു

ശാസ്താംകോട്ട – കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ പൂർവ്വ വിദ്യാർത്ഥിയും വ്യവസായിയുമായ ഡോ.ബി. രവിപിള്ള ഏർപ്പെടുത്തിയ എന്റോവ്മെന്റുകളുടെ വിതരണം നടന്നു. ഓരോ ക്ലാസ്സിലെയും അർഹതയുള്ള ഒരു വിദ്യാർത്ഥിക്ക് 1300 രൂപ വീതമാണ് എന്റോവ്മെന്റ് ലഭിച്ചത്. കോവിഡ് മൂലം മുടങ്ങിയ മുൻ വർഷങ്ങളിലെ അടക്കം സാമ്പത്തിക ബുദ്ധിമുട്ടുള്ള 180 വിദ്യാർത്ഥികൾക്കാണ് ഒരുമിച്ച് എന്റോവ്മെന്റ് നല്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ബീന എന്റോവ്മെന്റുകൾ വിതരണം ചെയ്തു.

2008 ൽ അന്നത്തെ പ്രിൻസിപ്പൽ ഡോ. ജനാർദ്ദനൻ പിള്ള, കൊമേഴ്സ് വിഭാഗം അധ്യാപകരായിരുന്ന പ്രൊഫ. ഗംഗപ്രസാദ്, പ്രൊഫ. രാഘവൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് എന്റോവ്മെന്റ് കോളേജിൽ ഏർപ്പെടുത്തിയത്. തുടർന്ന് മുടക്കമില്ലാതെ കോളേജിൽ ഇത് നൽകി വരുന്നു. കോവിഡ് പ്രതിസന്ധികളിൽ വിദ്യാർത്ഥികൾക്ക് പലർക്കും ഇത് ലഭിച്ചത് ഒരു സഹായമായി മാറി. എന്റോവ്മെന്റ് കമ്മിറ്റി കൺവീനർ ആത്മൻ എ.വി., പി.ടി.എ. സെക്രട്ടറി ഡോ. ജയന്തി എസ്., കമ്മിറ്റി അംഗം ശ്രീകല എം. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കാരാളിമുക്കിൽ മത്സ്യകുളത്തിൽ നിന്നും യുവാവ് അബദ്ധത്തിൽ ഷോക്കേറ്റ് മരിച്ചു

കാരാളിമുക്ക്: പടിഞ്ഞാറെ കല്ലട കണത്താർകുന്നത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. കണത്താർകുന്നം ഉത്രാടം വീട്ടിൽ വിനോദ് (40) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ ആയിരുന്നു സംഭവം.മത്സ്യ കുളത്തിൽ നിന്നും അബദ്ധത്തിൽ ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.മത്സ്യ കുളത്തിനു ചു റ്റും ഉടമ സ്ഥാപിച്ചിരുന്ന സുരക്ഷാവേലിയിൽ നിന്നുമാണ് വിനോദിന് ഷോക്കേറ്റത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ടോടെ നടന്ന കെട്ടുകാഴ്ച്ച
Advertisement