കരുനാഗപ്പള്ളിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം,സിപിഐയിലും അച്ചടക്ക നടപടി

Advertisement

കൊല്ലം.കരുനാഗപ്പള്ളിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ സിപിഐയിൽ അച്ചടക്ക നടപടി. സിപിഐ ജില്ലാ കമ്മിറ്റി അംഗമായ ആർ സോമൻ പിള്ള, ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ് കല്ലേലിഭാഗം എന്നിവരെ തരംതാഴ്ത്താൻ തീരുമാനിച്ചു. ജില്ലാ കൗൺസിലിൻ്റേതാണ് തീരുമാനം.

മണ്ഡലത്തിൻ്റെ ചുമതലയുണ്ടായിരുന്ന ഇരു നേതാക്കൾക്കും വീഴ്ച പറ്റിയതാണ് പാർട്ടി വിലയിരുത്തൽ. 56 പേരിൽനിന്ന് മൊഴി രേഖപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ് കല്ലേലിഭാഗത്തിൻ്റെ അമ്മാവൻ വിശ്വംഭരൻ കല്ലേലിഭാഗത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് തൻ്റെ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പ്രധാന കാരണമാണെന്ന് നേരത്തെ തന്നെ ആർ രാമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. സിപിഐയുടെ സിറ്റിംഗ് സീറ്റായിരുന്ന കരുനാഗപ്പള്ളിയിൽ സിറ്റിങ് എംഎൽഎ ആയിരുന്ന ആർ രാമചന്ദ്രന്‍റെ വമ്പൻതോൽവി പാർട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമായിരുന്നു. ഇതേ തുടർന്ന് സിപിഎമ്മിലും നേരത്തെ അച്ചടക്കനടപടി എടുത്തിരുന്നു.

സിപിഎമ്മില്‍ പിആര്‍ വസന്തനെ ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മില്‍ ശക്തനായ നേതാവിനെ തരംതാഴ്ത്തിയതോടെ സിപിഐക്ക് നടപടി എടുക്കാതെ കഴിയില്ലെന്ന നിലവന്നു. സിപിഐയിലെ വലിയൊരുവിഭാഗം പരാജയത്തിന് കാരണം സിപിഎമ്മിന്‍റെ മുഷ്കും അധികാരപ്രമത്തതയുമാണെന്നു വിലയിരുത്തുന്നുണ്ട്. എന്നാല്‍ ആര്‍ രാമചന്ദ്രന്‍റെ ജനകീയാടിത്തറ നഷ്ടപ്പെട്ടതാണ് ഒരുകാലത്തും ഇടതുപക്ഷത്തിനുണ്ടാവാത്ത വമ്പന്‍ തോല്‍വിക്കു കാരണമെന്ന് സിപിഎമ്മിന്‍റെ സമ്മേളനങ്ങളില്‍ അഭിപ്രായമുണ്ടായി. എന്നാല്‍ സിപിഎം സമ്മേളനങ്ങളില്‍ വലിയൊരുവിഭാഗം ഇത് വസന്തന്‍വിഭാഗത്തെ മറിക്കാനുള്ള ആയുധമായി എടുക്കുകയായിരുന്നു.

Advertisement