പോലീസ് സ്റ്റേഷനുള്ളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം;പ്രതികൾ അറസ്റ്റിൽ

ഇരവിപുരം.പോലീസ് സ്റ്റേഷനുള്ളിൽ കയറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിലായി. താന്നി, കാരിത്താസ് ഗാർഡൻ,  അബിൻ എന്ന അഭിഷേക് (24), താന്നി, ഫിഷർമെൻ കോളനി, ജോബി നിവാസിൽ,ജോബിൻ ജോയ് (28), താന്നി, കാരിത്താസ് ഗാർഡൻ, ജയ്‌സൺ (30), ഇരവിപുരം, ശരവണാ നഗർ 41, വിപിൻ നിവാസിൽ  വിവേക് (31), വിപിൻ (33) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി 11.00 മണിയോടെ ഇരവിപുരം പോലീസ് സ്‌റ്റേഷന് സമീപത്ത് പ്രവർത്തിച്ചുവരുന്ന ബാറിൽ സംഘർഷം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തിയ  പോലീസ് സംഘം ബാറിനുള്ളിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പ്രതികളെയും കൂട്ടരെയും അവിടെ നിന്നും പറഞ്ഞയച്ചിരുന്നു.

ഈ വിരോധത്താൽ പ്രതികൾ ഉൾപ്പെട്ട അക്രമി സംഘം രാത്രി 11.30 മണിയോടെ ഇരവിപുരം പോലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സ്റ്റേഷനിലെ ജി.ഡി ചാർജ്ജ് വഹിച്ചിരുന്ന എ.എസ്.ഐ പ്രസന്നന്റെ ഇടത് ഷോൾഡറിന് ഡിസ് ലൊക്കേഷൻ സംഭവിക്കുന്നതിനും ഇടയാക്കി. പോലീസ് ഉദ്യോഗസ്ഥരുടെ നിയമപരമായുള്ള കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് അവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത ഇരവിപുരം പോലീസ്, പ്രതികളെ ഉടൻ പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ ഷിബുവിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്യ്തത്.

Advertisement