കാലിൽ കുപ്പി കുടുങ്ങി;മുറിവും വ്രണവുമായി നടന്ന തെരുവ് നായക്ക്
രക്ഷകരായി അഗ്നിരക്ഷാസേന

ശാസ്താംകോട്ട:അബദ്ധത്തിൽ കാലിൽ കുടുങ്ങിയ കുപ്പി ഊരി പോകാത്തതിനാൽ മുറിവും പിന്നീട് വ്രണവുമായതിനെ തുടർന്ന് നടക്കാൻ പോലും കഴിയാതിരുന്ന തെരുവ് നായക്ക് അഗ്നിരക്ഷാസേന
രക്ഷകരായി.പടിഞ്ഞാറെ കല്ലട കണത്താർകുന്നത്താണ് സംഭവം.കണത്താർകുന്നത്തെ വീടുകളിലും കടകളിലും എപ്പോഴും എത്തുന്ന സൗമ്യശീലക്കാരനായ നായയുടെ പുറം കാലിൽ പൗഡർ കുപ്പി കുടുങ്ങുകയായിരുന്നു.
പ്രദേശവാസികൾ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഒടുവിൽ കുപ്പി കുടുങ്ങിയ കാൽ സെപ്റ്റിക്കായി പഴുക്കുകയും പിന്നീട് വ്രണമായി മാറുകയുമായിരുന്നു.നടക്കാൻ പോലും കഴിയാതെ കിടക്കുന്ന നായ നാട്ടുകാർക്ക് നൊമ്പരക്കാഴ്ചയായി.തുടർന്നാണ് ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരമറിയിച്ചത്.

അസി.സ്റ്റേഷൻ ഓഫീസർ ജോസിന്റെ നേതൃത്വത്തിൽ വെറ്റിനറി ഡോക്ടറുമായി എത്തിയ സേനാംഗങ്ങൾ സാഹസികമായി നായയുടെ കാലിൽ നിന്നും കുപ്പി നീക്കം ചെയ്തു.വൈദ്യസഹായവും നൽകി.

Advertisement