മുന്‍വിരോധം; യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: മുന്‍വിരോധത്താല്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസ് പിടിയില്‍. ഓച്ചിറ പായിക്കുഴി നെടിയത്ത് വീട്ടില്‍ നിന്നും ക്ലാപ്പന വടക്ക് ഹരിനന്ദനം വീട്ടില്‍ താമസിക്കുന്ന ബിജു(52), ദേവികുളങ്ങര പുതുപ്പള്ളി വടക്ക് മുറിയില്‍ മുട്ടത്ത് വടക്ക് വീട്ടില്‍ നന്ദു എന്ന് വിളിക്കുന്ന ഗോകുല്‍(24), ദേവികുളങ്ങര പുതുപ്പള്ളി വടക്ക് മുറയില്‍
മുട്ടത്ത് വടക്കതില്‍ വീട്ടില്‍ ഷാജി (45) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10-ഓടെ ക്ലാപ്പന അനന്തേശ്വരം റോഡില്‍ ക്ലാപ്പന സ്വദേശിയായ സുജിത്തും രണ്ടാം പ്രതി ഗോകുലുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുജിത്തടക്കമുള്ള സംഘം ബിജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയും ബിജു കത്തിയെടുത്ത് സുജിത്തിനെ കുത്തുകയുമായിരുന്നു.
വയറ്റില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സുജിത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ അജേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ തോമസ്, അജിത്കുമാര്‍, പ്രദീപ് കുമാര്‍, എം.എസ്.നാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement