‘ചെയ്ത ജോലിയുടെ കൂലിയും പെൻഷനും കിട്ടാൻ തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് ദയനീയം’

Advertisement

ശാസ്താംകോട്ട : ചെയ്ത ജോലിയുടെ കൂലിക്ക് വേണ്ടി ജീവനക്കാരും അധ്യാപകരും, പെൻഷൻ കിട്ടാൻ പെൻഷൻകാരും തെരുവിൽ സമരം ചെയ്യേണ്ടിവരുന്നത് അതീവ ദയനീയമാണെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (ഫെറ്റോ) സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ പറഞ്ഞു. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷൻകാരുടെ പെൻഷനും മുടങ്ങിയതിനെതിരെ ഫെറ്റോ താലൂക്ക് സമിതി ശാസ്താംകോട്ട സബ്ട്രഷറി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒന്നാം തീയതി ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാത്ത അവസ്ഥ സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യത്തേതാണ്. സംസ്ഥാന ഭരണം പൂർണ്ണമായി സ്തംഭനാവസ്ഥയിൽ ആയതിൻ്റെ തെളിവാണിത്. സർക്കാരിൻ്റെ അഴിമതിയും ധൂർത്തുമാണ് കേരളത്തെ ഈ അവസ്ഥയിലെത്തിച്ചത്. കാലിയായ ഖജനാവിന് അടയിരിക്കാതെ മന്ത്രിസഭ രാജിവച്ചൊഴിയുന്നതാണ് ഉചിതമെന്നും പി എസ് ഗോപകുമാർ കൂട്ടിച്ചേർത്തു.

പെൻഷണേഴ്സ് സംഘ് ബ്ലോക്ക് പ്രസിഡണ്ട് എസ് സുരേന്ദ്രൻ പിള്ള അധ്യക്ഷനായിരുന്നു. പെൻഷണേഴ്സ് സംഘ് സംസ്ഥാന സമിതിയംഗം കെ ഓമനക്കുട്ടൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് കെ വേണുഗോപാലക്കുറുപ്പ്, എൻ ടി യു ജില്ലാ ട്രഷറർ ആർ ഹരികൃഷ്ണൻ, എൻ രാജേന്ദ്രൻ പിള്ള, എ ഗോപാലൻ, ഡോ. ബി രാധാകൃഷ്ണപിള്ള എന്നിവർ അഭിവാദ്യമർപ്പിച്ചു. പെൻഷണേഴ്സ് സംഘ് ബ്ലോക്ക് പ്രസിഡണ്ട് സി വിജയൻ പിള്ള സ്വാഗതവും എൻ ടി യു ഉപജില്ലാ സെക്രട്ടറി ഗിരീഷ് എസ് നന്ദിയും പറഞ്ഞു

Advertisement