ഭരണിക്കാവ് – കൊട്ടാരക്കര റോഡിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗത ഭീഷണിയാകുന്നു

Advertisement

ശാസ്താംകോട്ട:ഭരണിക്കാവ് – കൊട്ടാരക്കര റോഡിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗത യാത്രക്കാർക്ക് ഭീഷണിയാകുന്നു.
കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി വേണാട് ചെയിൻ സർവ്വീസുകളെ കടത്തിവെട്ടി മുഴുവൻ സ്റ്റോപ്പുകളിൽ നിന്നും യാത്രക്കാരെ കയറ്റുന്നതിനു വേണ്ടിയാണ് സ്വകാര്യ ബസ്സുകൾ ചീറിപ്പായുന്നത്.ഇതിനാൽ അമിത വേഗതയിൽ ചീറിപ്പായുന്ന ബസുകളിലെ യാത്രക്കാരും റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങളും കാൽനട യാത്രികരും അപകട ഭീഷണിയിലാണ്.കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോയ സ്വകാര്യ ബസിലെ സ്ത്രീ യാത്രക്കാർ തങ്ങളെ ഇറക്കിവിടാൻ വരെ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.പിന്നാലെ വേണാട് ചെയിൻ ഉണ്ടെന്നതായിരുന്നു അമിത വേഗതയ്ക്ക് കാരണം.യാത്രക്കാർ ബസിനകത്ത് തന്നെ വീഴുന്നതും പതിവാണ്.തലനാരിഴയ്ക്കാണ് പലപ്പോഴും ദുരന്തങ്ങൾ വഴിമാറുന്നത്.കൊടുംവളവുകളും വലിയ ഇറക്കങ്ങളുമുള്ള ഭരണിക്കാവ് – കൊട്ടാരക്കര റോഡിൽ അതൊന്നും വക വയ്ക്കാതെയാണ് ബസുകളുടെ സഞ്ചാരം.കഴിഞ്ഞ ദിവസം മൈനാഗപ്പള്ളി ആശാരിമുക്കിലെ കൊടുംവളവിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ടോറസുമായി കൂട്ടിയിടിച്ചിരുന്നു.അപകടത്തിൽ
ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായി തകരുകയും ബസിന്റെയും ലോറിയുടെയും ഡ്രൈവർമാർക്ക് പരിക്കേൽക്കുകയും ചെയ്തു.മിക്ക സ്വകാര്യ ബസുകളിലും ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ രണ്ട് ജീവനക്കാർ മാത്രമാകും ഉണ്ടാകുക.ഇതിനാൽ പ്രായമായ യാത്രക്കാരടക്കം ഇറങ്ങുന്നതിനും കയറുന്നതിനും മുൻപായി ബസ് എടുക്കുന്നതും പതിവ് കാഴ്ചയാണ്.പിന്നാലെ വേണാട് ചെയിൻ ഉണ്ടെങ്കിൽ തങ്ങളെ കടന്നു പോകാതിരിക്കാൻ
സ്റ്റോപ്പുകളിൽ എതിർദിശയിൽ നിന്നുമെത്തുന്ന വാഹനങ്ങൾക്ക് സമാന്തരമായി ബസ് നിർത്തിയിട്ട് ഗതാഗത തടസം സൃഷ്ടിക്കുന്നതും പതിവാണ്.ചില വേണാട് ചെയിൻ സർവ്വീസുകളും അമിത വേഗതയിലും സ്വകാര്യ ബസുകളുമായുള്ള മത്സരയോട്ടത്തിലും പിന്നിലല്ല.കരുനാഗപ്പള്ളി – ഭരണിക്കാവ്,അടൂർ – ഭരണിക്കാവ്,കുണ്ടറ – ഭരണിക്കാവ്, ചവറ – ഭരണിക്കാവ് റോഡുകളിലും സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിത വേഗതയും ഭീഷണി ഉയർത്തുന്നു.കൊല്ലം – പത്തനംതിട്ട,കൊല്ലം – ചെങ്ങന്നൂർ,കരുനാഗപ്പള്ളി – കൊട്ടാരക്കര റൂട്ടുകളിലെ വേണാട് ചെയിൻ ബസുകളെ അട്ടിമറിക്കുകയാണ് സ്വകാര്യ ബസുകളുടെ ശ്രമം.നിരത്തുകൾ കുരുതിക്കളമാകാതിരിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് യാത്രക്കാരും നാട്ടുകാരും.

Advertisement