ശാസ്താംകോട്ട തടാകത്തിൽ ഫൈബർ വളളം മറിഞ്ഞു;യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു…കാറ്റില്‍പ്പെട്ട് മറിഞ്ഞ വള്ളം കണ്ടെത്താനായിട്ടില്ല

Advertisement

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയ ഫൈബര്‍ വള്ളം ശക്തമായ കര കാറ്റിനെ തുടര്‍ന്ന് മറിഞ്ഞു. വള്ളത്തില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുന്നക്കാട് സ്വദേശികളായ കണ്ണന്‍, അഖില്‍, അനില്‍ എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
പുന്നക്കാട് മണലുകുഴി ഭാഗത്ത് വച്ച് ബുധനാഴ്ച വൈകിട്ട് ഏഴോടെ ആയിരുന്നു സംഭവം. കാറ്റില്‍പ്പെട്ട് മറിഞ്ഞ വള്ളം കണ്ടെത്താനായിട്ടില്ല. ചെളിയില്‍ പുതഞ്ഞ് പോയിരിക്കാമെന്നാണ് നിഗമനം. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. വള്ളത്തില്‍ നിന്നും രക്ഷപ്പെട്ട യുവാക്കള്‍ കാണിച്ചുകൊടുത്ത ഭാഗത്താണ് തിരച്ചില്‍ നടത്തിയത്. ശാസ്താംകോട്ട തടാകത്തില്‍ വള്ളം മറിഞ്ഞ് 24 ജീവനുകള്‍ പൊലിഞ്ഞ ദുരന്തത്തിന്റെ 42-ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാക്കളുടെ വള്ളം മറിഞ്ഞത്.

Advertisement