സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ അവകാശപത്രിക സമർപ്പിച്ചു

Advertisement

കൊല്ലം:കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന് അവകാശപത്രിക സമർപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷിന്റെ നേതൃത്വത്തിൽ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ ലാലിന് അവകാശപത്രിക സമർപ്പിച്ചു.സംസ്ഥാന കൗൺസിലർമാരായ അബ്ദുൽ ഷെരീഫ്,റെക്സ് വെളിയം, രാധാകൃഷ്ണപിള്ള,സിറിൽ.കെ.മാത്യു, മനോഹരൻ പിള്ള,ജില്ലാ ഭാരവാഹികളായ ഷിഹാബ്,ലക്ഷ്മി കൃഷ്ണ,രഞ്ജിത്ത്,ഗംഗാറാം, അബ്ദുൽ ഗഫൂർ,സുബൈർ, രാജേഷ്,കെ.ജെ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിലെ എയ്ഡഡ് സ്കൂൾ മാനേജർമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അവകാശപത്രികയിൽ ആവശ്യപ്പെട്ടു. 27 ആവശ്യങ്ങൾ അടങ്ങിയതാണ് അവകാശ പത്രിക.റോസ്റ്റർ നൽകിയാലും ഇല്ലെങ്കിലും 2018 മുതലുള്ള നിയമനങ്ങൾ അംഗീകരിക്കുവാൻ കോടതിവിധി ഉണ്ടായിട്ടും അതിനെ തുടർന്നുള്ള സർക്കാർ ഉത്തരവുകൾ വന്നിട്ടും വിദ്യാഭ്യാസ ഓഫീസർമാർ നിയമനങ്ങൾ അംഗീകരിക്കുന്നില്ല.എല്ലാ നിയമനങ്ങളും അംഗീകരിച്ച് പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

സ്കൂൾ മാനേജ്മെന്റുകൾക്ക് സർക്കാർ നൽകിവരുന്ന മെയിന്റനൻസ് ഗ്രാൻഡ് കാലോചിതമായി വർദ്ധിപ്പിക്കുക.ഇ.ഐ.ഡി,യു.ഐ.ഡി ഇല്ലാത്ത കുട്ടികളെ കഴിഞ്ഞ കാലങ്ങളിൽ ചെയ്തതുപോലെ ഹെഡ്മാസ്റ്റർമാരുടെ ഡിക്ലറേഷൻ വാങ്ങി സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കുക,അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സർവീസ് ബുക്ക് വെരിഫിക്കേഷൻ സ്കൂൾ മാനേജർ നടത്തണമെന്ന വ്യവസ്ഥ നടപ്പിലാക്കുക,ജീവനക്കാരുടെ ഇൻക്രിമെന്റ് പാസാക്കുമ്പോൾ മാനേജർമാരുടെ മേലൊപ്പ് വേണം എന്ന വ്യവസ്ഥ നടപ്പിലാക്കുക, വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്കൂളുകളിലും കായിക അധ്യാപകരെയും മറ്റു സ്പെഷ്യലിസ്റ്റ് അധ്യാപകരെയും നിയമിക്കുക,സുപ്രീംകോടതി വിധിപ്രകാരമുള്ള സ്റ്റാഫ് പാറ്റേൺ ഹയർ സെക്കൻഡറി വിഭാഗത്തിൽ നടപ്പിലാക്കുക,എയ്ഡഡ് സ്കൂൾ കെട്ടിട നിർമ്മാണത്തിന് മാനേജർമാരിൽ നിന്നും ഈടാക്കുന്ന സൂപ്പർ വിഷൻ ചാർജ് പൂർണ്ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയതാണ് അവകാശപത്രിക.

Advertisement