പശ്ചിമ ബംഗാള്‍ സ്വദേശിയെ കൂട്ടാളികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി

Advertisement

കൊട്ടിയം. കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശിയെ ഒപ്പം ജോലി ചെയ്യുന്ന രണ്ട് ബംഗാള്‍ സ്വദേശികള്‍ ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ചതുപ്പില്‍ കുഴിച്ചിട്ടു. നെടുമ്പന പഞ്ചായത്തില്‍പ്പെട്ട കുളപ്പാടം മുടിച്ചിറയിലായിരുന്നു സംഭവം. മുട്ടയ്ക്കാവിലെ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി അല്‍ത്താഫ്മിയയാണ് കൊല്ലപ്പെട്ടത്.
ഇയാളോടൊപ്പം ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളായ അന്‍വര്‍, വികാസ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്. ഇക്കഴിഞ്ഞ 17 മുതല്‍ ഇയാളെ കാണാനില്ലെന്ന ഫാക്ടറി അധികൃതരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊന്നു കുഴിച്ചുമൂടിയ വിവരം തെളിയുന്നത്. മുടിച്ചിറയിലെ ആളൊഴിഞ്ഞ സ്ഥലം കേന്ദ്രീകരിച്ച് അവധി ദിവസങ്ങളില്‍ പണം വച്ച് ചൂതുകളി നടക്കാറുണ്ടായിരുന്നു. ചൂതുകളി കഴിഞ്ഞ് മടങ്ങവെയാണ് ഇയാളെ കൊലപ്പെടുത്തിയത്. പിടിയിലായവരെ കണ്ണനല്ലൂര്‍ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അല്‍ത്താഫ്മിയയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സ്ഥലത്ത് വെള്ളിയാഴ്ച ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തി മൃതദേഹം പുറത്തെടുക്കും.

Advertisement