മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കാത്തു നിന്ന യൂത്ത് കോൺഗ്രസ് പ്രവത്തകരെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു;സംസ്ഥാന സെക്രട്ടറി അടക്കം രണ്ട് പേർക്ക് പരിക്ക്

Advertisement



ശാസ്താംകോട്ട : ചക്കുവള്ളിയിൽ നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാൻ നിന്ന യൂത്ത് കോൺഗ്രസ് പ്രവത്തകരെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു.പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ,പോരുവഴി മണ്ഡലം പ്രസിഡന്റ് അജ്മൽ അർത്തിയിൽ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.ഇരുവരെയും ഭരണിക്കാവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഭരണിക്കാവ് ടൗണിൽ വൈകിട്ട് 5ന് ആയിരുന്നു സംഭവം.വിവിധ ആവശ്യങ്ങൾക്കായി വീടിന് പുറത്തിറങ്ങുന്ന പ്രവർത്തകരെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു കൊണ്ട് പൊലീസിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി.തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.ഇതിൽ പ്രകോപിതരായ
പൊലീസ് ലാത്തി വീശുകയും പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

കുണ്ടറ സി.ഐ യുടെ നേതൃത്വത്തിലാണ് പൊലീസ് അതിക്രമം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.തുടർന്ന് വനിതകൾ അടക്കമുള്ള കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കളെയും ജനപ്രതിനിധികളെയും പ്രവർത്തകരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ,യൂത്ത് കോൺഗ്രസ് സംസ്ഥാന
വൈസ് പ്രസിഡന്റ് പി.എസ് അനുതാജ്,സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി,യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ജില്ലാ ചെയർമാൻ ഷാഫി ചെമ്മാത്ത്,ജില്ലാ സെക്രട്ടറി ബിജു ആദി,അഡ്വ.സിനി,ബ്ലോക്ക് പ്രസിഡന്റ് റിയാസ് പറമ്പിൽ,കുന്നത്തൂർ പഞ്ചായത്ത് അംഗങ്ങളായ റെജി കുര്യൻ,രാജൻ നാട്ടിശേരി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ലോജു ലോറൻസ്,ഹരി പുത്തനമ്പലം ഉൾപ്പെടെ അൻപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലേക്ക് മാറ്റി.വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ വീക്ഷണം ലേഖകൻ ഹരികുമാർ കുന്നത്തൂരിനെ പൊലീസ് വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്തു.

അതേസമയം നവകേരള സദസിൽ പങ്കെടുക്കാൻ കൊട്ടാരക്കരയിൽ നിന്നും ചക്കുവള്ളിയിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിയെ മഹിളാ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.കുന്നത്തൂർ നെടിയവിള ജംഗ്‌ഷനിൽ വച്ച് രാത്രി 7.15 ഓടെ ആണ് കരിങ്കൊടി കാട്ടിയത്.അകമ്പടി വാഹനങ്ങൾ പോയ ശേഷം പഞ്ചായത്ത് ഓഫീസിനു സമീപം നിന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ചാടി വീഴുകയായിരുന്നു.മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹത്തിനു നേർക്കാണ് കൊടി കാട്ടിയത്.മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ ഷീജാ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തകരായ മഞ്ചു,രമാ സുന്ദരേശൻ,ഷൈനി,ശാന്ത,വത്സല, സൂര്യാ വിനോദ് എന്നിവരാണ് കരിങ്കൊടി കാണിച്ചത്.

Advertisement