ഓയൂര്‍: ഇളമാട് പഞ്ചായത്തിലെ കൂലിക്കോട് വാര്‍ഡ് മെമ്പര്‍ക്ക് കുത്തേറ്റു. പ്രതി പിടിയില്‍. പ്രതിയുടെ മകള്‍ ഒരു യുവാവുമായി ഒളിച്ചോടാന്‍ വാര്‍ഡ് മെമ്പര്‍ സഹായിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. കൂലിക്കോട് വാര്‍ഡംഗം പൊയ്കവിള പുത്തന്‍ വീട്ടില്‍ ലെവി മനോജ് (46)നാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൂലിക്കോട് ഇലന്തവിളവീട്ടില്‍ കുര്യാക്കോസി (57)നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് 11ന് ഇളമാട് കൂലിക്കോട് ബൈബിള്‍ കോളജിന് സമീപമായിരുന്നു സംഭവം. പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടന്ന് പറഞ്ഞ് കുര്യാക്കോസ് ലെവി മനോജിനെ മൊബൈല്‍ ഫോണില്‍ വിളിക്കുകയും ബൈക്കില്‍ എത്തിയ മനോജിനെ കുര്യാക്കോസ് കാറുകൊണ്ട് ഇടിച്ച് വീഴ്ത്തുകയും വീണുകിടന്ന മനോജിനെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
പരിക്കേറ്റ മനോജ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കോളേജ് വിദ്യാര്‍ഥിനിയായിരുന്ന കുര്യാക്കോസിന്റെ മകള്‍ കഴിഞ്ഞ ദിവസം ഒരു യുവാവുമായി ഒളിച്ചോടിയ സംഭവത്തില്‍ വാര്‍ഡംഗമായ ലെവി മനോജ് കമിതാക്കള്‍ക്ക് ഒളിച്ചോടാനുള്ള സഹായം ചെയ്തു കൊടുത്തു എന്നാരോപിച്ചായിരുന്നു അക്രമം. പൂയപ്പള്ളി എസ്എച്ച്ഒ ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐമാരായ അഭിലാഷ്, മധുസൂദനര്‍, എഎസ്‌ഐ ബിജു തുടങ്ങിയവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കമിതാക്കള്‍ക്ക് ഒളിച്ചോടാനുള്ള സഹായം ചെയ്തുവെന്നാരോപിച്ച് ഓയൂരില്‍ പഞ്ചായത്ത് മെമ്പറെ കുത്തിപരിക്കേല്‍പ്പിച്ചു… പ്രതി അറസ്റ്റില്‍
Advertisement