കല്ലടയാർ കരകവിഞ്ഞു, വനത്തിനുള്ളിൽ കുടുങ്ങിയ 11 പേരെ രക്ഷപ്പെടുത്തി

Advertisement

കല്ലടയാർ കരകവിഞ്ഞു ഒഴുകിയതിനെ തുടർന്ന് കുളത്തൂപ്പുഴ ലോറികടവ് വനമേഖലയിൽ വനത്തിനുള്ളിൽ കുടുങ്ങിയ 11 പേരെ രക്ഷപ്പെടുത്തി. രണ്ട് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് വനത്തിൽ കുടുങ്ങിയത്.
തേക്ക് പ്ലാന്റേഷനിൽ ജോലിക്കു പോയ തൊഴിലാളികൾ കനത്ത മഴയെത്തുടർന്ന് താൽകാലിക കൂരകളിലെ താമസം ദുഷ്കരമായതിനെ തുടർന്ന് വൈകിട്ട് കാടിറങ്ങി. ആറരയോടെ മിൽപ്പാലത്ത് വനാതിർത്തിയിൽ എത്തിയപ്പോൾ കരകവിഞ്ഞൊഴുകുന്ന കല്ലടയാർ കടക്കാൻ കഴിയാതെ ഒറ്റപ്പെടുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതോടെ ഫയർ ഫോഴ്സ്, വനംവകുപ്പ്, പൊലീസ് സംഘങ്ങൾ ചേർന്നാണ് ഇവരെ ഇക്കരയെത്തിച്ചത്. വടം കെട്ടി ഡിങ്കിയിൽ ഇവരെ സാഹസികമായി കല്ലടയാർ കടത്തുകയായിരുന്നു. കുളത്തൂപ്പുഴ അടക്കമുള്ള കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് ഉണ്ടായത്.

Advertisement