തടാകത്തിന്റെ ശേഷി ആധികാരികമായി പഠിക്കാതെ ഇനിയൊരു ജലപദ്ധതി തുടങ്ങരുത്,ജല അതോറിറ്റി നിരുത്തരവാദ സമീപനം അവസാനിപ്പിക്കണം ,തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍

ശാസ്താംകോട്ട.ജല അതോറിറ്റി അധികൃതര്‍ ശാസ്താംകോട്ട തടാകത്തോടുള്ള നിരുത്തരവാദ സമീപനം അവസാനിപ്പിക്കണമെന്ന് തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
1960മുതല്‍ തടാകത്തിന്റെ അവകാശം കൈയാളുന്ന ജല അതോറിറ്റി അതിന്റെ സംരക്ഷണപ്രവര്‍ത്തനങ്ങളെപ്പറ്റി ഗൗരവമായി ചിന്തിച്ചിട്ടുതന്നെയില്ലെന്ന് വ്യക്തമാക്കുന്ന നടപടികള്‍ ഏറെയാണ്. ഒരു ജലസ്രോതസിന്റെ ശേഷിപഠിക്കാതെ ജലം വലിച്ചെടുക്കുന്നത് പരിധിവിട്ടപ്പോഴാണ് ജലനിരപ്പ് ക്രമാതീതമായി
താഴുകയും കൊല്ലത്തെ ജലവിതരണം പ്രതിസന്ധിയിലാവുകയും ചെയ്തത്. തടാകത്തിന്റെ പരിസരമേഖലയിലെ പരിസ്ഥിതി നശീകരണത്തിനെതിരെ ശക്തമായ സമരം നടത്തിയത് പരിസ്ഥിതി സംഘടനകളാണ്. മണ്ണെടുപ്പും മണലൂറ്റും കുന്നിടിക്കലും അവസാനിപ്പിക്കുന്നതില്‍ ജല അതോറിറ്റി ഒരു പരിശ്രമവും നടത്തിയിട്ടില്ല. ജലം ഊറ്റാന്‍ ലഭ്യമാകാതിരുന്നകാലത്ത് കനാല്‍ ജലം എത്തിച്ച് ശുദ്ധീകരിച്ചും അല്ലാതെയും വിതരണം ചെയ്യാനാണ് ജല വകുപ്പ് ശ്രമിച്ചത്.
അമിത ജല ചൂഷണത്തിനെതിരെ തടാക സംരക്ഷണസമിതി നടത്തിയ നിരാഹാരസത്യാഗ്രഹമടക്കമുള്ള പ്രക്ഷോഭത്തിന്റെ ഫലമായാണ് കല്ലടആറ്റില്‍ നിന്നും ജലം പകരമെത്തിക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തയ്യാറാക്കിയ കോടികളുടെ പദ്ധതി. പ്ളാനിംങിലെ അപാകതമൂലം താളംതെറ്റിയത് നാടിനുമുന്നിലെ ദൃഷ്ടാന്തമാണ്. കോടിക്കണക്കിന് രൂപയുടെ പൈപ്പുകള്‍ പാഴ് വസ്തുക്കളായി തീരത്ത് ചിതറി കിടക്കുന്ന നാണം കെട്ടകാഴ്ച ഇതിനുദാഹരണമാണ്.

ആദ്യ പദ്ധതി അട്ടിമറിച്ച് ഞാങ്കടവില്‍ പദ്ധതി തുടങ്ങിയതിന്റെ ഉദ്ദേശ്യം എന്തായിരുന്നു. അപൂര്‍വമായ ശുദ്ധ ജലതടാകത്തെ അമിത ചൂഷണത്തില്‍ നിന്നും മോചിപ്പിക്കാന്‍ കൊല്ലം നഗരത്തിലേക്ക് വേറെ ജലം കണ്ടെത്തുക എന്നതായിരുന്നു അത്. എന്നാല്‍ അതിനുശേഷം തേവലക്കര തെക്കുംഭാഗം പദ്ധതി നടപ്പാക്കി. കൊല്ലം നഗരം ഞാങ്കടവ് പദ്ധതിയുടെ ജലം ഉപയോഗിക്കാറാവുമ്പോഴേക്ക് കരുനാഗപ്പള്ളിക്ക് പുതിയ വന്‍ പദ്ധതിക്ക് പ്ളാന്‍ ചെയ്യുന്നതായി അറിഞ്ഞു.
2018നുശേഷം മഴ സമൃദ്ധമായതിനാല്‍ മാത്രമാണ് തടാകം വരളാതെ നില്‍ക്കുന്നത്. പരിസ്ഥിതി ചൂഷണം ഒരുപരിധിവരെ നിര്‍ത്തിവയ്പിക്കാനുമായി അതും ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ ജലസ്രോതസിനെ സംരക്ഷിക്കാന്‍ നടപ്പാക്കിയ പദ്ധതിയുടെ ലക്ഷ്യം മറന്ന് വീണ്ടും തടാകത്തെ നാശത്തിലേക്കു നീക്കുംവിധം പുതിയ ജല പദ്ധതികള്‍ക്ക് കോപ്പു കൂട്ടുന്നതില്‍നിന്നും ജല അതോറിറ്റിയുടെ ലക്ഷ്യം ജലം ഊറ്റിവിറ്റു കാശാക്കുകമാത്രമാണ് എന്ന് വന്നിരിക്കയാണ്.
തടാകത്തിന്റെ ശേഷി ആധികാരികമായി പഠിക്കാതെ ഇനിയൊരു ജലപദ്ധതി തുടങ്ങരുതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

തടാക സംരക്ഷണ സമിതി പ്രക്ഷോഭത്തെത്തുടര്‍ന്ന് ആവിഷ്‌കരിച്ച മാനേജുമെന്റ് ആക്ഷന്‍പ്ളാനില്‍ വിവരിച്ച ശുപാര്‍ശകള്‍ നടപ്പാക്കണം
തടാക തീരപ്രദേശത്ത് അധികൃതവും അനധികൃതവുമായി നടക്കുന്ന നിര്‍മ്മാണങ്ങള്‍ക്കെതിരെ ശക്തവും കാര്യക്ഷമവുമായ നടപടികളുണ്ടാകണം. വൃഷ്ടിപ്രദേശത്ത് മണ്ണിളക്കി നടക്കുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനവും പരിശോധിക്കപ്പെടുകയും വ്യക്തമായ മാനദണ്ഡത്തോടെ മാത്രമാവുകയും വേണം. സ്വകാര്യ ഭൂമിയിലടക്കം നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം.തടാക തീരത്തെ പ്‌ളാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും നിര്‍മ്മാര്‍ജ്ജനവും ജല അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്നത് ലജ്ജാകരമാണ് എന്ന്
ആക്ഷന്‍കൗണ്‍സില്‍ ചെയര്‍മാന്‍ എസ് ബാബുജി, ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി എന്നിവര്‍ ചൂണ്ടിക്കാട്ടി.

Advertisement