ചാത്തന്നൂരില്‍ പഴകിയ ഇറച്ചിയും മീനും പിടികൂടി

Advertisement

ചാത്തന്നൂര്‍: ചാത്തന്നൂരില്‍ നിന്ന് പഴകിയ ഇറച്ചിയും മീനും പിടികൂടി. ചാത്തന്നൂര്‍ മീനാട് കുട്ടാസ് ജങ്ഷനില്‍ സൂഫി വില്ലയില്‍ ഹംസകുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നുമാണ് പഴകിയ സാധനങ്ങള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും പഞ്ചായത്ത് അധികാരികളെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാക്കറ്റുകളില്‍ സൂക്ഷിച്ചു വച്ചിരുന്ന 1600 കിലോ ചിക്കനും എട്ട് കിലോ മീനും ഉരുളന്‍ കിഴങ്ങിന്റെ ഫിംഗര്‍ ചിപ്‌സും പിടികൂടിയത്. 14 ഫ്രീസറുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. വൃത്തിഹീനമായ ഫ്രീസറുകളില്‍ വെള്ളത്തില്‍ ദുര്‍ഗന്ധം വമിച്ചു പുഴുക്കളെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയുടെ പേരില്‍ പ്രോസസിംഗ് ഫുഡ് സൂക്ഷിക്കാനുള്ള പഞ്ചായത്ത് ലൈസന്‍സിന്റെ മറവിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ മുതല്‍ ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപെട്ടതിനെ തുടര്‍ന്ന് ഡോ. വിനോദിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്ഥാപനം അടച്ചു പൂട്ടി നിയമനടപടികള്‍ സ്വീകരിച്ചു.

Advertisement