ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ടുത്സവം നാളെ; ഉത്സവ ലഹരിയില്‍ നാട്

Advertisement

ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാളകെട്ടുത്സവം നാളെ. ഓണാട്ടുകരയില്‍ കരക്കാര്‍ നിര്‍മിച്ച കൂറ്റന്‍ കെട്ടുകാളകളെ അലങ്കാരങ്ങളോടെ വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ പരബ്രഹ്മ സന്നിധിയിലെത്തിക്കും. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കിലെ 52 കരകളില്‍ നിന്നു ഇരുന്നൂറോളം ചെറുതും വലുതുമായ കെട്ടുകാളകളെ കരക്കാര്‍ അണിനിരത്തും. കൈവെള്ളയില്‍ എഴുന്നള്ളിക്കുന്നതു മുതല്‍ ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളകള്‍ വരെ അണിനിരക്കും.
ഒരുലക്ഷത്തിനു മുകളില്‍ ആളുകള്‍ പടനിലത്തേക്ക് കാളകെട്ടുത്സവത്തിനായി എത്തുമെന്നാണ് കണക്ക്. കാളമൂട്ടില്‍ അന്നദാനം, പ്രഭാഷണം, ഭജന, നേര്‍ച്ചപ്പറയിടീല്‍, നൃത്തം, കുത്തിയോട്ടവും ചുവടും തുടങ്ങി വിവിധ പരിപാടികളും അരങ്ങേറുന്നുണ്ട്. ലക്ഷങ്ങള്‍ മുടക്കി കെട്ടുകാളകളെ അണിയിച്ചൊരുക്കാന്‍ കരക്കാര്‍ തമ്മില്‍ മത്സരമാണ്. ഈ മേഖലയിലെ പ്രശസ്തരും പ്രഗല്ഭരുമായ ശില്പികളെ ക്ഷണിച്ചുവരുത്തിയാണ് ഓരോ കരയും കെട്ടുകാളകളെ നിര്‍മിച്ചിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ കാളമൂട്ടില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. തുടര്‍ന്ന് രാവിലെ വാദ്യമേളങ്ങളുടെയും വിവിധ കലാപരിപാടികളുടെയും അകമ്പടിയോടെ ഘോഷയാത്രയായി കെട്ടുകാളകളെ ഗ്രാമവീഥികളിലുടെ ആനയിച്ച് വൈകീട്ട് 6.30-നുമുമ്പ് പടനിലത്ത് എത്തിക്കും. കൂറ്റന്‍ കെട്ടുകാളകള്‍ മൂന്നിനുമുമ്പ് പടനിലത്ത് എത്തിക്കണമെന്നാണ് നിര്‍ദേശം. പോലീസും ഭരണസമിതിയും പ്രത്യേകം ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തയിട്ടുണ്ട്.

Advertisement