കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച പ്രതി ആശുപത്രിയിലെത്തി സ്ഥിരമായി വഴക്കുണ്ടാക്കുന്നയാള്‍

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച പ്രതി ആശുപത്രിയിലെത്തി സ്ഥിരമായി വഴക്കുണ്ടാക്കുന്നയാളെന്ന് ജീവനക്കാര്‍. യാതൊരു അസുഖവുമില്ലാതെ ആശുപത്രിയിലെത്തി സ്ഥിരമായി ഇയാള്‍ വഴക്കുണ്ടാക്കാറുണ്ട്. ബിവറേജസ് ഔട്ട് ലെറ്റിന് സമീപം ലോട്ടറി കച്ചവടം നടത്തുകയാണ് പിടിയിലായ സജു ഡാനിയേല്‍ എന്നും ജീവനക്കാര്‍ പറയുന്നു. 2017-ല്‍ വോള്‍വോ ബസിന് നേരെ കല്ലെറിഞ്ഞ കേസിലും മദ്യപിച്ച് പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കിയതിന് അഞ്ച് കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു തവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ഇന്നലെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് നേരെ വധ ശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം ചികിത്സയ്‌ക്കെത്തിയ സജു ഡാനിയേല്‍ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നിക്കോട് ജിജു ഭവനില്‍ ജിജു.കെ. ബേബി (47)യെയാണ് കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. പ്രതി പനവേലി ഇരണൂര്‍ തെക്കേക്കര ചരുവിള വീട്ടില്‍ സജു ഡാനിയേല്‍ (40) നെ വാളകം അമ്പലക്കര ഭാഗത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 8.30 നാണ് സംഭവം. ആശുപത്രിയിലെ ഒന്നാം നമ്പര്‍ ഒപി ടിക്കറ്റ് കൗണ്ടറില്‍ ക്യൂ നില്‍ക്കുന്നവരെ മറികടന്ന് മുന്നിലെത്തി ഒപി ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു പ്രതി. ഇതിനെ എതിര്‍ത്ത സ്ത്രീകളോടും പ്രായം ചെന്നവരോടും അപമര്യാദയായി പെരുമാറുകയും ബഹളം കേട്ട് സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടിച്ചുമാറ്റി ആശുപത്രിയിലെ എയ്ഡ് പോസ്റ്റ് പൊലീസിനെ ഏല്പിക്കുകയുമായിരുന്നു.
പൊലീസിനും ജീവനക്കാര്‍ക്കും നേരെ ആക്രോശിച്ചുകൊണ്ട് ബഹളം തുടര്‍ന്ന ഇയാളെ കണ്‍ട്രോള്‍ റൂമില്‍ നിന്നും കൂടുതല്‍ പൊലീസെത്തി ഗേറ്റിന് പുറത്താക്കുകയായിരുന്നു. പ്രധാന കവാടത്തിന് സമീപം ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുകയായിരുന്ന ജിജു .കെ. ബേബിയെ പിന്നിലൂടെ വന്ന് കോണ്‍ക്രീറ്റ് കഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ തറയില്‍ വീണ ജിജുവിനെ ഉടനെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജിജുവിന് തലയുടെ പിന്‍ഭാഗത്ത് മൂന്ന് തുന്നലുണ്ട്.

Advertisement