പിതാവിനെ ചുമരിൽ തലയിടിപ്പിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

Advertisement

ഓച്ചിറ . മദ്യലഹരിയിൽ പിതാവിനെ ചുമരിൽ തല പിടിച്ചിടിപ്പിച്ച് പരിക്കേൽപ്പിച്ച മകനെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ ചങ്ങൻകുളങ്ങര വടക്കനാത്ത് വടക്കേത്തറ വീട്ടിൽ സതീശൻ (55 ) ആണ് പോലീസിന്റെ പിടിയിലായത് . ഇയാളുടെ പിതാവ് തൊഴിലുറപ്പ് തൊഴിലാളിയായ ഗോപാലകൃഷ്ണൻ (85) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 9 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സതീശൻ ഭാര്യയെ ഉപദ്രവിച്ചു. ഇത് കണ്ട് തടയാൻ ശ്രമിച്ച പിതാവിനെ അസഭ്യം പറഞ്ഞ് മർദ്ദിക്കുകയും തല പിടിച്ച് വീടിൻറെ ചുമരിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ്നിലത്ത് വീണ ഗോപാലനെ സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഓച്ചിറ പോലീസ് ആശുപത്രിയിൽ എത്തിച്ചു. കൂലിപ്പണിക്കാരനായ സതീശൻ മദ്യപിച്ചു വന്ന് ഭാര്യയെയും വൃദ്ധരായ മാതാപിതാക്കളെയും സ്ഥിരമായി ഉപദ്രവിക്കാറുള്ളതായി നാട്ടുകാരും പരാതിപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് സബ്ജയിലേക്കയച്ചു.

Advertisement