കൊല്ലത്ത് തോക്ക് ചൂണ്ടി മാല കവര്‍ച്ച; എല്ലാ പ്രതികളെയും വെറുതെ വിട്ടു

Advertisement

കൊട്ടാരക്കര: ജില്ലയില്‍ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തോക്ക് ചൂണ്ടി മാല കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ദല്‍ഹി സ്വദേശികളായ സത്യദേവ്, സുരേന്ദ്രര്‍ ബണ്ടി, അമിത്കുമാര്‍, ദീപക് കുമാര്‍ എന്നിവരെയാണ് കോടതി കുറ്റ വിമുക്തരാക്കിയത്. കേസ് തെളിയിക്കാനോ മതിയായ തെളിവ് നല്‍കാനോ പോലീസിന് സാധിച്ചില്ല.
ദല്‍ഹിട സീമാപുരിയില്‍ നിന്നാണ് റൂറല്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മെഡല്‍ ഉള്‍പ്പടെ ലഭിച്ചിരുന്നു. പോലീസിന്റെ ശക്തമായ മൊഴി ഉണ്ടായിരുന്നിട്ടും പ്രതികള്‍ കുറ്റക്കാരാണെന്നുള്ള തെളിവ് സമര്‍പ്പിക്കാന്‍ പോലീസിനായില്ല.
2019 സെപ്റ്റംബര്‍ 24ന് സത്യദേവ് ഉള്‍പ്പെട്ട ആറംഗ സംഘം മോഷണം ലക്ഷ്യമിട്ട് കാറില്‍ കേരളത്തിലേക്ക് തിരിച്ചു. 27ന് വൈകിട്ട് കൊല്ലത്തെത്തി. പിറ്റേന്ന് നാടിനെ വിറപ്പിച്ച മാല കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടു. വൈകുന്നേരം കൊല്ലം ബീച്ചില്‍ കറങ്ങി നടന്ന സംഘം അവിടെ നിന്നും ബൈക്ക് മോഷ്ടിച്ച് കൊല്ലത്ത് താമസിക്കുന്ന വീടിന് സമീപം എത്തിച്ച് പാര്‍ക്ക് ചെയ്തു. കവര്‍ച്ചയ്ക്ക് ഉപയോഗിക്കാനാണ് ബൈക്ക് മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്ക് പോലീസ് പിടികൂടിയതോടെ കവര്‍ച്ചാപദ്ധതി മാറ്റി. പിന്നീട് കുണ്ടറയില്‍ നിന്നു ബൈക്ക് മോഷ്ടിച്ചു. കുഴിമതിക്കാട്ട് വയോധികയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ച് കവര്‍ച്ചയ്ക്ക് തുടക്കമിട്ടു. കുണ്ടറയിലും കൊല്ലം ഈസ്റ്റ് മേഖലയിലും മൂന്നിടങ്ങളില്‍ വീതവും പള്ളിത്തോട്ടത്ത് ഒരിടത്തും നിന്നും സമാന രീതിയില്‍ മാല കവര്‍ന്നു. തോക്ക് ചൂണ്ടിയായിരുന്നു എല്ലാ കവര്‍ച്ചകളും.
മോഷണ ശേഷം മൂന്നാം കുറ്റി ഭാഗത്ത് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സത്യദേവിന്റെ സംഘത്തിലെ രണ്ടാമനാണ് സുരേന്ദര്‍ബണ്ടി. കേസില്‍ സത്യദേവ് ഉള്‍പ്പെടെ നാല് പേര് വിവിധ ഘട്ടങ്ങളിലായാണ് പിടിയിലായത്. ദല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്ത സത്യദേവിനെ റോഡ് മാര്‍ഗ്ഗം കൊണ്ടുവരുന്നത് സുരക്ഷിതമല്ലാത്തതിനെത്തുടര്‍ന്ന് വിമാനത്തിലാണ് ഇദ്ദേഹത്തെ കേരളത്തില്‍ എത്തിച്ചത്. ദല്‍ഹിയില്‍ മറ്റ് കേസുകളില്‍ അറസ്റ്റിലായ രണ്ടാം പ്രതി സുരേന്ദ്രര്‍ ബണ്ടിയെ കൊല്ലം റൂറല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കവര്‍ച്ചയ്ക്ക് ഇരയായ സ്ത്രീകള്‍, ഹെല്‍മറ്റ് കട ഉടമ, പെട്രോള്‍ പമ്പ് ജീവനക്കാര്‍, മോഷ്ടിച്ച ബൈക്ക് ഉപേക്ഷിക്കുന്നത് കണ്ട യുവാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 30 പേര്‍ തെളിവെടുപ്പില്‍ സുരേന്ദര്‍ ബണ്ടിയെ തിരിച്ചറിഞ്ഞിരുന്നു.
അന്നത്തെ എഴുകോണ്‍ എസ്എച്ച്ഒ ടി.എസ്.ശിവപ്രകാശ്, എസ്ഐ സി.ബാബുകുറുപ്പ്, ഗ്രേഡ് എസ്ഐ ഉണ്ണിക്കൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മോഷ്ടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് മാല കവര്‍ന്നത് സുരേന്ദര്‍ ബണ്ടിയായിരുന്നു. ബൈക്ക് ഓടിച്ചത് സൊഹൈലും സൊഹൈലിലെ പിടികൂടാനായിട്ടില്ല. കൊല്ലത്ത് താമസമാക്കിയ സഞ്ജയ്ഖാനാണ് സുഹൃത്തായ സൊഹൈലിനെ കവര്‍ച്ചയ്ക്കായി ക്ഷണിച്ചത്. ടീം തലവന്‍ സത്യദേവിന് സൊഹൈല്‍ വിവരം കൈമാറുന്നതനുസരിച്ചാണ് മോഷണങ്ങള്‍ നടന്നത്. രണ്ടു ലക്ഷം രൂപ വരുന്ന ലണ്ടന്‍ നിര്‍മ്മിത തോക്കും ഇതില്‍ ഉപയോഗിക്കുന്ന ഏഴു തിരകള്‍ ഉള്‍പ്പടെ പോലീസ് പിടിച്ചെടുത്തിരുന്നു.

Advertisement