ഓണാട്ടുകരയുടെ യുദ്ധവീര്യത്തിന്റെ പ്രതീകമായി ഓച്ചിറക്കളി അരങ്ങേറി

Advertisement

ഓച്ചിറ: ഓണാട്ടുകരയുടെ യുദ്ധവീര്യത്തിന്റെ സ്മരണ പുതുക്കി പടനിലത്ത് ഓച്ചിറക്കളി അരങ്ങേറി. കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളില്‍ നിന്നുമായി അനവധി രണവീരന്മാമാരാണ് പടനിലത്ത് അങ്കം വെട്ടിയത്. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട് യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനായി വര്‍ഷം തോറും മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് ഓച്ചിറക്കളി നടത്തുന്നത്.
30 ദിവസം നീണ്ട വ്രതശുദ്ധിയോടെ കളരി ആശാന്മാരുടെ നേതൃത്വത്തില്‍ വിവിധ കളരികളില്‍ പരിശീലനം നടത്തിയാണ് രണവീരന്മാര്‍ ഓച്ചിറക്കളിക്കെത്തിയത്. 400 ല്‍ പരം കളി സംഘങ്ങളാണ് ഓച്ചിറക്കളിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. ഓച്ചിറക്കളിയുടെ ആദ്യ ദിവസമായ ഇന്ന് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഘോഷയാത്ര നടന്നു. പിന്നീട് കരനാഥന്മാര്‍ പരസ്പരം ഹസ്തദാനം ചെയ്ത് കര പറഞ്ഞ് അങ്കം വെട്ടി. അടുത്ത ദിവസം പടനിലത്ത് മുഖാമുഖം കാണാം എന്ന് പ്രതിജ്ഞയെടുത്ത് പിരിഞ്ഞതോടെ ഇന്നത്തെ ചടങ്ങുകള്‍ അവസാനിച്ചു.
രണ്ടാം ദിവസമായ നാളെ ഉച്ചയ്ക്ക് ശേഷം യോദ്ധാക്കള്‍ കളിക്കണ്ടത്തില്‍ എത്തുകയും ‘തകിടകളിയില്‍’ പ്രാഗല്‍ഭ്യം തെളിയിച്ച് കളിക്കുശേഷം ഭരണസമിതി സമ്മാനമായി നല്‍കുന്ന ‘പണക്കിഴി’ സ്വീകരിച്ച് സദ്യയുണ്ട് കരകളിലേക്ക് മടങ്ങുന്നതോടെ ഓച്ചിറക്കളിക്ക് തിരശ്ശീല വീഴും. ഭരണ സമിതി അംഗങ്ങളായ സെക്രട്ടറി കെ.ഗോപിനാഥന്‍, പ്രസിഡന്റ് തോട്ടത്തില്‍ ജി. സത്യന്‍, ട്രഷറര്‍ വലിയഴീക്കല്‍ പ്രകാശന്‍, രക്ഷാധികാരി എം.സി അനില്‍കുമാര്‍, ചേരിയില്‍ രവികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement