കൊല്ലത്തെ കരുവന്നൂരായിഅമ്പലത്തുംഭാഗം സഹകരണ ബാങ്ക്;ഭരണ സമിതിയും ജീവനക്കാരും ചേർന്ന് തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ

Advertisement

ശാസ്താംകോട്ട:2836-ാo നമ്പർ പോരുവഴി അമ്പലത്തുംഭാഗം സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറിയിൽ നഷ്ടപ്പെട്ട
അരക്കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയവരിൽ നിന്നും ഈടാക്കണമെന്ന് അന്വേഷണ റിപ്പോർട്ട്.2020 – 21 കാലയളവിലാണ് ബാങ്കിൽ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ വൻ തട്ടിപ്പ് അരങ്ങേറിയത്.സിപിഎം
നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ബാങ്കിൽ ഭരണം നടത്തുന്നത്.മുതലും പലിശയും ചേർത്ത് 5578739.30 രൂപയാണ് തിരിച്ചടയ്ക്കേണ്ടത്.തട്ടിപ്പ് നടന്ന കാലയളവിൽ സെക്രട്ടറിയായിരുന്ന വിശ്വനാഥൻ തമ്പി,ജീവനക്കാരായിരുന്ന സജിത്ത്കുമാർ,അനൂപ് കെ.എം,പ്രസിഡന്റായിരുന്ന കെ.ആർ ശിവദാസൻ,ഭരണ സമിതി അംഗങ്ങളായ കെ.സുരേന്ദ്രൻ പിള്ള,ഉമാദേവി അന്തർജനം,ആർ.കവിത,രോഹിണി രാജു,ജി.രാജേന്ദ്രൻ പിള്ള,ജി.മോഹനൻ പിള്ള,രാജൻബാബു,
അഡ്വ.പി.അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നും ഇവരിൽ നിന്നും പണം ഈടാക്കണമെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.തട്ടിപ്പ് പുറത്ത് വന്ന ഘട്ടത്തിൽ തന്നെ ജീവനക്കാരായ സജിത്ത്കുമാർ,
അനൂപ് കെ.എം എന്നിവരെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ടിൽ പേര് പരാമർശിക്കുന്ന
ഭരണ സമിതി അംഗം ജി.മോഹനൻ പിള്ള പോരുവഴി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് അംഗമാണ്.കൊല്ലം
ജോയിന്റ് രജിസ്ട്രാറുടെ 2022 ജൂൺ 29,ആഗസ്റ്റ് 29 തീയതികളിലെ ഉത്തരവ് പ്രകാരം ശാസ്താംകോട്ട എ ആന്റ് ഇ ഇൻസ്പക്ടർ ആർ.പുഷ്പ കുമാരിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.കഴിഞ്ഞ ഡിസംബർ 20 നാണ് റിപ്പോർട്ട് സമർപ്പിച്ചത്.

റിപ്പോർട്ടിൽ പരാമർശിക്കുന്നവർ ഹിയറിങിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോ.രജിസ്ട്രാർ നോട്ടീസ് നൽകിയിട്ടുണ്ട്.വിശദീകരണം കേട്ട ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.അമ്പലത്തുംഭാഗം സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതിക്കും ജീവനക്കാർക്കുമുള്ള പങ്ക് തുടക്കത്തിലെ വ്യക്തമായിരുന്നു. പോരുവഴി പഞ്ചായത്തിലെ ഭവന നിർമ്മാണ പദ്ധതിയുടെ പേരിൽ ബാങ്കിൽ തുടങ്ങിയ അക്കൗണ്ടിൽ നിന്നാണ് പ്രധാനമായും പണം തിരിമറി നടത്തിയതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.നിക്ഷേപം,
ചിട്ടി തുടങ്ങിയ ഇടപാടിലും വൻ തട്ടിപ്പ് നടന്നു.

ലേലച്ചിട്ടിക്ക് ചേരുന്നവർ ചിട്ടിയിൽ മുടക്കം വരുത്തുന്നതോടെ അത്തരം ചിട്ടികൾ സ്വന്തം പേരിലാക്കി മാറ്റുകയും ചിട്ടി ലേലം വിളിച്ചെടുക്കുന്നതും പതിവായിരുന്നു.ഇതിനായി ജീവനക്കാരും ഭരണസമിതി അംഗങ്ങളും പരസ്പരം മത്സരിച്ചിരുന്നതായാണ് വിവരം.ജീവനക്കാരിൽ ഏറെയും പാർട്ടിക്കാരും സിപിഎം നേതാക്കളുടെ മക്കളും അടുത്ത ബന്ധുക്കളും മാത്രമാണെന്നതിനാൽ തട്ടിപ്പ് പുറത്തുവന്നിരുന്നില്ല.

നിക്ഷേപങ്ങളിൽ നിന്നും ഉടമകൾ അറിയാതെ പണം പിൻവലിക്കുന്നതും തകൃതിയായിരുന്നു.ക്രമക്കേടിനെ കുറിച്ച് ഭരണസമിതിയും സഹകരണ വകുപ്പും അറിഞ്ഞിരുന്നെങ്കിലും മൂടിവയ്ക്കുകയായിരുന്നു.ഭരണ സ്വാധീനം ഉപയോഗിച്ചാണ് തട്ടിപ്പ് രഹസ്യമാക്കി വച്ചിരുന്നത്.സംസ്ഥാനത്ത് തുടർ ഭരണം ലഭിച്ചതോടെ തട്ടിപ്പ് പുറത്തുവരികയില്ലെന്നായിരുന്നു ധാരണ.കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെയാണ് അമ്പലത്തുംഭാഗത്തും അന്വേഷണം നടത്താൻ സഹകരണവകുപ്പ്
തയ്യാറായത്.

Advertisement