എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി

വികസനത്തിന് കൂട്ടായ ശ്രമം അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം.സംസ്ഥാനത്തെ വികസനത്തിന് കൂട്ടായ ശ്രമം അനിവാര്യമാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള’യുടെ ഉദ്ഘാടനം ആശ്രാമം മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സമഗ്രമാറ്റമാണ് കഴിഞ്ഞ ഏഴ് വർഷത്തിൽ ഉണ്ടായത്. വൻ വികസനത്തോടൊപ്പം ജനങ്ങളോടുള്ള കരുതൽ കൂടിയാണ് സർക്കാരിന്റെ ലക്ഷ്യം. ലൈഫ് ഭവന പദ്ധതിയിൽ 16000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ദാരിദ്ര്യ നിർമാർജനത്തിൽ കേരളം ഒന്നാമതാണ്. സാമ്പത്തിക പരിമിതികൾ ആഭ്യന്തര വരുമാനം വർധിപ്പിച്ചു മറി കടന്നു. 104 വയസുള്ള വ്യക്തിക്ക് വരെ ചികിത്സ ഇൻഷുറൻസ് ലഭിക്കുന്നു. ഏറ്റവും കൂടുതൽ പി എസ് സി നിയമനങ്ങൾ കേരളത്തിലാണ്. വികസന പ്രവർത്തനങ്ങൾക്കോ ക്ഷേമപദ്ധതികൾക്കോ സാമ്പത്തിക ബുദ്ധിമുട്ട് തടസമാകില്ലന്നും മന്ത്രി പറഞ്ഞു.

എം നൗഷാദ് എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, ജില്ലാ കലക്ടർ അഫ്‌സാന പർവീൺ, സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ്, സബ് കലക്ടർ മുകുന്ദ് ഠാകൂർ, എ ഡി എം ആർ ബീനാറാണി,
ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ സലിൻ മാങ്കുഴി, അബ്ദുൽ റഷീദ്, മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ഹസന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു തുടങ്ങിയവർ പങ്കെടുത്തു.

മെയ് 24 വരെയാണ് പ്രദർശന വിപണന സേവനമേള നടക്കുന്നത്. എല്ലാദിവസവും സെമിനാറുകളും വൈകുന്നേരങ്ങളിൽ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യം.

Advertisement