കാപ്പാ നിയമ പ്രകാരം അഞ്ച് തവണ കരുതല്‍ തടങ്കലില്‍, വീണ്ടും കൊല്ലത്ത് അക്രമം, കുപ്രസിദ്ധ കുറ്റവാളി മംഗല്‍ പാണ്ഡെ പിടിയില്‍

Advertisement

കൊല്ലം.പണം തിരികെ നല്‍കാത്തതിന് സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ കുപ്രസിദ്ധ കുറ്റവാളി പോലീസ് പിടിയിലായി. മുണ്ടക്കല്‍ വില്ലേജില്‍, തെക്കേവിള പെരുമ്പള്ളി തൊടിയില്‍ ഇര്‍വിന്‍ പെരേര മകന്‍ മംഗല്‍ പാണ്ഡെ എന്ന എബിന്‍ പെരേരയാണ് ചാത്തന്നൂര്‍ പോലീസിന്‍റെ പിടിയിലായത്.

കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയായ ജാക്സണ്‍ പ്രതിയുടെ സഹോദരനില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിച്ചിരുന്നില്ല. ഈ വിരോധത്തില്‍ കഴിഞ്ഞ ജനുവരി 28 ന് രാത്രി 08 മണിയോടെ ജാക്സണിനെ ചാത്തന്നൂര്‍ കുന്നുംപുറം ക്ഷേത്രത്തിന് സമീപത്തെ വയലില്‍ കൂട്ടികൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പണം തിരികെ നല്‍കാന്‍ രണ്ടാഴ്ച്ചത്തെ സാവകാശം ചോദിച്ചെങ്കിലും പ്രതിയും സംഘവും ഇയാളെ ബിയര്‍ കുപ്പി കൊണ്ടും മറ്റും ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയും കാപ്പാ നിയമപ്രകാരം നടപടികള്‍ നേരിട്ടിട്ടുള്ള ആളുമാണ് അറസ്റ്റിലായ എബിന്‍ പെരേര.

കാപ്പാ നിയമ പ്രകാരം അഞ്ച് തവണ കരുതല്‍ തടങ്കലില്‍ കഴിഞ്ഞ് വന്ന പ്രതി കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു. ജാക്സന്‍റെ പരാതിയില്‍ ചാത്തന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

Advertisement