സഗൗരവം എംഎല്‍എക്കുമുന്നില്‍ “ഗൗരവ്”, പേരിൻ്റെ ഗരിമയിൽ കൊല്ലത്തെ ഭീമൻ പോത്ത്

Advertisement

ശാസ്താംകോട്ട(കൊല്ലം) :ഭീമൻ പോത്തിന്റെ പേരിടീൽ ചടങ്ങ് ശൂരനാട് വടക്ക് ഗ്രാമത്തിന്റെ ഉത്സവമായി.കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ശൂരനാട് വടക്ക് പുത്തൻതറയിൽ അശോകൻ്റെ പോത്തിനാണ് ആഘോഷപൂർവ്വം ചൊവ്വാഴ്ച “ഗൗരവ്”എന്ന
നാമ ഫലകം ചാർത്തിയത്.സി.ആർ മഹേഷ് എംഎൽഎ പേരണിഞ്ഞ ഫലകം കഴുത്തിൽ ചാർത്തുമ്പോൾ
ഗൗരവ് എന്ന പേരിൻ്റെ ഗരിമയിലായിരുന്നു അവൻ.തന്റെ പുതിയ നാമധേയം ഇനി കടൽ കടക്കുമെന്നും സെലിബ്രിറ്റി ആകുമെന്ന കാര്യത്തിലും ആരാധകർ കൂടുമെന്നതിലും ഗൗരവിന് തെല്ലും സംശയമില്ല.പോത്തുകളുടെ ഭാരക്കൂടുതൽ അപൂർവ്വമായ കാര്യമല്ല.എന്നാൽ പ്രായം കൊണ്ട് എല്ലാവരേയും പിന്നിലാക്കിയ പുത്തൻതറയിലെ പോത്തിന് മൃഗസംരക്ഷണ വകുപ്പാണ് പുതിയ പേരുമായി എത്തിയത്.

ഗൗരവിന് നാലര വയസ്സിനിടെ 1173.5 കിലോയാണ് തൂക്കം.കൊല്ലം ജില്ലയിലെ വലിയ പോത്ത് എന്ന ഖ്യാതിക്ക് ഉടമയായിരുന്ന അയത്തിൽ വേലുവിൻ്റെ റിക്കോർഡാണ് ഗൗരവ് തകർത്തത്.8 വർഷം പ്രായമായ വേലുവിന് നാലാം വയസ്സിൽ 900 കിലോ ഭാരമാണ് ഉണ്ടായിരുന്നത്. പുത്തൻതറയിൽ അശോകൻ്റെ വീട്ടിലുണ്ടായ എരുമയ്ക്ക് ജനിച്ച ആദ്യസന്തതിയാണ് ഗൗരവ്.
പാറക്കടവ് മൃഗാശുപത്രി വഴി കേരള കന്നുകാലി വികസന ബോർഡിൻ്റെ ബീജമാത്ര ഉപയോഗിച്ച് കൃത്രിമ ബീജാധാനം നടത്തിയാണ് ഗൗരവ് പിറന്നത്. 310 ദിവസമായിരുന്നു ഗർഭകാലം.നൂറ് ദിവസം കൃത്യമായി തള്ള പാൽ കുടിച്ചു വളർന്നവനാണ് ഗൗരവ്.സ്പെഷൽ ഭക്ഷണത്തോടാണ് കൂടുതൽ കമ്പം.പതിവ് ഭക്ഷണമായ പരുത്തി,കടലപ്പിണ്ണാക്ക്,
പുളിയരിപ്പൊടി എന്നിവയ്ക്ക് പുറമേ
ദിവസവും 4 കോഴിമുട്ടയും അകത്താക്കും.ദിവസവും ആപ്പിൾ ഒരെണ്ണം വീതവും ഒരു കിലോ ഞാലിപ്പൂവൻ പഴവും കപ്പലണ്ടി അരച്ചതും എല്ലാ ദിവസവും മുടങ്ങാതെ നൽകുന്നുണ്ട്.മുറ ഇനത്തിൽപ്പെട്ട പോത്തിൻ്റെ വളർച്ചയും അതിൻ്റെ പിതൃത്വവും പഠനവിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം.മൃഗസംരക്ഷണ വകപ്പ് അസി.ഡയറക്ടർ ഡോ.ഡി.ഷൈൻ കുമാർ,കെഎൽഡി ബോർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. പി.എസ് അരുൺകുമാർ,സീനിയർ വെറ്ററിനറി സർജൻ ഡോ.ബൈജു ഷാ,ഡോ.ഗുരുപ്രിയ
എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Advertisement