ഭാര്യവീട്ടില്‍ അക്രമം,കരുനാഗപ്പള്ളി സ്വദേശിയെയും സംഘത്തെയും പത്തനാപുരത്ത് പിടികൂടി

Advertisement

പത്തനാപുരം : ഭർത്താവുമായി പിണങ്ങി മാതാപിതാക്കളോടൊപ്പം താമസിച്ചുവന്ന യുവതിയുടെ വീട്ടിലെത്തി അതിക്രമം കാട്ടിയ യുവാവിനെയും സുഹൃത്തുക്കളെയും പത്തനാപുരം പോലീസ് പിടികൂടി. കരുനാഗപ്പള്ളി കാട്ടിൽ കടവ് മനാഫ് മൻസിലിൽ ഷംനാസ് (23), കരുനാഗപ്പള്ളി വവ്വാക്കാവ് വൈശ്യന്റയ്യത്ത് വീട്ടിൽ അമീൻഷാ (30), ഇയാളുടെ സഹോദരൻ അക്ബർ ഷാ (26), കരുനാഗപ്പള്ളി കോഴിക്കോട് മനയിൽ തറയിൽ വീട്ടിൽ മുഹമ്മദ് റഫീഖ് (26) എന്നിവരാണ് അറസ്റ്റിലായത്.

ഷംനാസ് യുവതിയുടെ ഭർത്താവും മറ്റുള്ളവർ ഇയാളുടെ സുഹൃത്തുക്കളുമാണ്. പ്രതികൾ സംഘം ചേർന്ന് പത്താം തീയതി രാത്രി 12 മണിക്ക്  ഷംനാസിന്റെ ഭാര്യയുടെ കുണ്ടയത്തുള്ള കുടുംബവീട്ടിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും വീട്ടുകാരെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

ബഹളം കേട്ട് അയൽക്കാർ ഓടിക്കൂടിയ പ്പോഴേക്കും പ്രതികൾ വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കാറിൽ കടന്നുകളഞ്ഞു. യുവതിയുടെ പരാതിയിൽ കേസെടുത്ത പത്തനാപുരം പോലീസ് കാർ ഉൾപ്പെടെ പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement