കുന്നത്തൂർ പഞ്ചായത്ത് ഓഫീസ് കവാടത്തിന് സമീപം പാതയോരത്ത് അഴിച്ചിട്ടിരിക്കുന്ന കേബിൾ അപകടം വിതയ്ക്കുന്നു

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്ത് ഓഫീസ് കവാടത്തിന് സമീപം ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന് പാതയോരത്ത് അഴിച്ചിട്ടിരിക്കുന്ന കേബിൾ വയറുകൾ അപകടം വിതയ്ക്കുന്നു.കെ.ഫോണിനായി വലിച്ച കേബിളാണ് കെ.എസ്.ഇ.ബി കടമ്പനാട് സെക്ഷൻ അധികൃതർ അലക്ഷ്യമായി നടപ്പാതയിൽ അഴിച്ചിറക്കി തള്ളിയത്.കഴിഞ്ഞ ജനുവരി 29ന് കുന്നത്തൂർ നെടിയവിള ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കെട്ടുരുപ്പടികൾ ക്ഷേത്ര മൈതാനിയിലേക്ക് കയറുന്നതിനുള്ള സൗകര്യമൊരുക്കാനാണ് കെ.ഫോൺ കേബിളുകൾ അഴിച്ചത്.ക്ഷേത്ര ഭരണ സമിതി ഇതിനാവശ്യമായ പണം കെഎസ്ഇബിയിൽ അടയ്ക്കുകയും ചെയ്തിരുന്നു.എന്നാൽ ഒരു മാസം പിന്നിട്ടിട്ടും കേബിൾ പൂർവ്വസ്ഥിതിയിലേക്ക് മാറ്റാൻ അധികൃതർ നടപടിയെടുത്തിട്ടില്ല.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേബിൾ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോഴാണ്
തിരക്കേറിയ നെടിയവിള അമ്പലം ജംഗ്ഷനിൽ അധികൃതർ ദുരന്തവഴി തീർത്തിരിക്കുന്നത്.സ്ക്കൂൾ കുട്ടികളടക്കം സഞ്ചരിക്കുന്ന ഫുട്പാത്തിൽ അലക്ഷ്യമായി തള്ളിയ കേബിളിൽ കാൽ കുരുങ്ങി കാൽനട യാത്രികർ മറിഞ്ഞു വീഴുന്നത് പതിവ് കാഴ്ചയാണ്.പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന സ്ത്രീകളും വൃദ്ധരുമാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്.

Advertisement