അറിയാമോടേ, കുന്നത്തൂരിലെ എല്ലാവരും സ്വന്തമായി വാഹനമുള്ളവരാണെന്ന്,നാണിക്കാന്‍ അറിയില്ല നമ്മുടെ നേതാക്കള്‍ക്ക്

Advertisement

ശാസ്താംകോട്ട. വല്ലാതെ നാണിക്കാന്‍ അറിയില്ല നമ്മുടെ നേതാക്കള്‍ക്കും അധികൃതര്‍ക്കും. പട്ടിണിപ്പാവങ്ങള്‍ ഒട്ടേറെപ്പാര്‍ക്കുന്ന കുന്നത്തൂരില്‍ എത്തിപ്പെടാന്‍ പ്രധാന ദേശീയപാതയിലെ ജംക്ഷനായ കരുനാഗപ്പള്ളിയില്‍ നിന്നും ഇപ്പോള്‍ ഏഴുമണിക്കുശേഷം ബസില്ല. പൊതു യാത്രാസൗകര്യത്തെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാര്‍ സംഘം ചേര്‍ന്ന് ഓട്ടോ പിടിച്ചും ആരുടെയെങ്കിലും ലിഫ്റ്റ് തേടിയും എത്തേണ്ട സ്ഥിതിയാണിപ്പോള്‍.

കരുനാഗപ്പള്ളിയില്‍ നിന്നും ശാസ്താംകോട്ടവഴി അടൂര്‍ കൊട്ടാരക്കര കുണ്ടറ മേഖലകളിലേക്ക് പോകുന്ന ബസുകളും താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ സ്‌റ്റേ ചെയ്യുന്ന കെ എസ്ആര്‍ടിസി ബസുകളും ഇപ്പോഴില്ല. ഈയടുത്ത് ഓച്ചിറ 12വിളക്കിന് പോലും കിഴക്കോട്ട് ബസ് ഇല്ലായിരുന്നു. കുന്നത്തൂര്‍ ഫാസ്റ്റ് മുതുപിലാക്കാട് ക്ഷേത്രം ശാസ്താംകോട്ട സ്‌റ്റേബസുകള്‍ ഇപ്പോഴില്ല. കരുനാഗപ്പള്ളിയില്‍ നിന്നും പത്തുകിലോമീറ്റര്‍ രാത്രി ഓട്ടോവരുന്നതിന് 450-500 രൂപ വേണം.വികസനം ഒട്ടേറെ വരുംമുന്പ് രാത്രി പത്തുമണിവരെ ബസുണ്ടായിരുന്നു. പതിവുകാര്‍ക്ക് ഈ വിവരമറിയാം, അറിയാതെ കിഴക്കുമേഖലയിലേക്ക് പോകാനായി വരുന്നവരാണ് പെട്ടുപോകുന്നത്. കുന്നത്തൂരില്‍ എല്ലാവരും സ്വന്തം വാഹനത്തില്‍ പോകുന്നവരാണെന്ന കാര്യം അവരറിയുന്നില്ലല്ലോ. രാത്രി സ്റ്റേബസുകള്‍ എങ്കിലും പുനസ്ഥാപിക്കണമെന്ന നാട്ടുകാര്‍ നിവേദനം നല്‍കിയിട്ടുണ്ട്.

Advertisement