കലോല്‍സവ വിവാദം,കെന്നഡി സ്കൂളിനെ തകർക്കാൻ ഇടതുപക്ഷ സംഘടനയുടെ ആസൂത്രിത ശ്രമമെന്ന് മാനേജ്മെൻറ്

Advertisement

കരുനാഗപ്പള്ളിഃ അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിനെ സമൂഹമധ്യത്തിൽ അവഹേളിക്കാനുള്ള ആസൂത്രിത നീക്കത്തിൻറെ ഭാഗമാണ് കഴിഞ്ഞ ദിവസം അഞ്ചലിൽ ജില്ലാ കലോൽസവത്തിൽ നടന്നതെന്ന് സ്കൂൾ മാനേജ്മെൻറും പിടിഎയും ആരോപിച്ചു. കരുനാഗപ്പള്ളി സബ്ജില്ലയെ 38 വർഷങ്ങൾക്ക് ശേഷം ഓവറോൾ ചാമ്പ്യൻമാരാക്കിയത് കെന്നഡി സ്കൂളിലെ മത്സരാർത്ഥികൾ കാഴ്ചവെച്ച മിന്നുന്ന പ്രകടനമാണ്.

യുപി,ഹൈസ്ക്കൂൾ, വി.എച്ച്.എസ്.സി വിഭാഗങ്ങളിൽ ജില്ലാ കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി ഒന്നാമതെത്തിയത് കെന്നഡി സ്കൂളാണ്. എന്നാൽ മികച്ച സ്കൂളിനുള്ള ട്രോഫി വേദിയിൽ വെച്ച് നൽകുവാൻ സംഘാടകരായ ഇടതു അധ്യാപക സംഘടന നേതാക്കൾ തയ്യാറായില്ല.ട്രോഫി ഒളിപ്പിച്ചു വെച്ച നിലപാടിനെ സ്കൂൾ മാനേജ്മെൻറ് പരസ്യമായി ചോദ്യം ചെയ്തിരുന്നു.പി.എസ്.സുപാൽ എംഎൽ.എയും ഡി.ഡിയും ഇടപെട്ടാണ് ട്രോഫി സമ്മാനിച്ചത്. കരുനാഗപ്പള്ളി സബ്ജില്ലയ്ക്കുള്ള ഓവറോൾ കിരീടം ഏറ്റുവാങ്ങാനായി സ്റ്റേജിലേക്ക് കയറിയ കെന്നഡി സ്കൂളിലെ അധ്യാപകനും കലോൽസവ കമ്മിറ്റി ചെയർമാനുമായ സജിത്ത് വിജയനെ കരുനാഗപ്പള്ളിയിലെ തന്നെ മറ്റൊരു സ്കൂളിലെ അധ്യാപകൻ കയ്യിൽ പിടിച്ചു വലിച്ച് തടഞ്ഞത് സ്കൂളിനോടുള്ള പകയുടെ ഭാഗമാണ്. ഇതിൻറെ വീഡിയോ ഇതിനകം പുറത്തു വന്നിട്ടുണ്ട്.

കരുനാഗപ്പള്ളി ഉപജില്ലയിൽ കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയുമാണ് ജോൺ എഫ് കെന്നഡി മെമ്മോറിയൽ VHSS സ്വപ്നതുല്യമായ നേട്ടങ്ങൾ കൊയ്തെടുത്തുകൊണ്ട് മുന്നേറുന്നത്. അധ്യാപകരും വിദ്യാർത്ഥികളും മാനേജ്‍മെന്റും പി.റ്റി.എ യും നാട്ടുകാരുമെല്ലാം അതിന്റെ ഭാഗമാണ്.

സ്കൂളിനെ പ്രതിനിധീകരിച്ച വിദ്യാർത്ഥികൾക്ക് അവരുടെ എല്ലാ ഐറ്റങ്ങൾക്കും പങ്കെടുക്കാൻ കഴിയാത്ത തരത്തിൽ മത്സര സമയങ്ങൾ ക്രമീകരിച്ചും മറ്റും പരമാവധി പ്രതിബന്ധങ്ങൾ ഇടതു അനുകൂല സംഘാടകർ സൃഷ്ടിച്ചു. ഇതിനെയൊക്കെ സമയാസമയങ്ങളിൽ സ്കൂൾ പ്രതിനിധികൾ ചോദ്യം ചെയ്തും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയുമൊക്കെയാണ് മുന്നോട്ട് പോയത്. ഇതിലൊക്കെ അസഹിഷ്ണുക്കളായ കരുനാഗപ്പള്ളിയിലെ തന്നെ ഒരു സ്കൂളിലെ ഒരു വിഭാഗം അധ്യാപകർ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.അതെല്ലാം തരണം ചെയ്താണ് കെന്നഡി വിജയകിരീടം ചൂടിയത്‌.സ്വന്തം ഉപജില്ലയെ വിജയത്തിലേക്ക് നയിച്ച സ്കൂളിനെ അവഹേളിക്കാനായി കരുനാഗപ്പള്ളിയിലെ തന്നെ മറ്റൊരു സ്കൂൾ മുന്നിട്ടിറങ്ങിയത് തരം താണ പണിയാണ്. അതിൻറെ ഭാഗമാണ് അധ്യാപകനായ സജിത്ത് വിജയനെതിരെ മർദ്ദനം ആരോപിച്ച് കള്ളക്കേസ് എടുത്തതെന്നും സ്കൂൾ മാനേജ്മെൻറ് ആരോപിച്ചു.

കലാ-കായിക- പാഠ്യ മേഖലകളിൽ അടുത്തിടെയായി തിളക്കമാർന്ന വിജയങ്ങൾ കൊയ്തു വരുന്ന കെന്നഡി സ്കൂളിൻറെ വളർച്ചയിൽ അസൂയപൂണ്ടവരാണ് കുൽസിത നീക്കങ്ങൾക്ക് പിന്നിൽ. സ്കൂളിലേക്ക് കൂടുതൽ കുട്ടികൾ കടന്നുവരുന്നത് സ്കൂളിനെ രക്ഷാകർത്താക്കൾ കൃത്യമായി വിലയിരുത്തിയത് കൊണ്ടാണ്.സ്വന്തം സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയുന്നത് എന്തുകൊണ്ടാണെന്ന് ആത്മപരിശോധന നടത്തുകയാണ് ആസൂത്രിത നീക്കക്കാർ ചെയ്യേണ്ടത്. ഒരു ഇടതുപക്ഷ അധ്യാപക സംഘടനാ നേതാക്കൾ നിയന്ത്രിച്ച കലോൽസവത്തിൽ ഉജ്വല വിജയം നേടാൻ കെന്നഡി സ്കൂളിന് കഴിഞ്ഞത് മികച്ച പ്രകടനം പുറത്തെടുത്തതു കൊണ്ടാണ്. അതിൽ അസൂയ പൂണ്ടവർ നടത്തുന്ന നാലാംകിട ജൽപ്പനങ്ങളെ വിദ്യാർത്ഥികളും രക്ഷാകർത്തകളും പുച്ഛിച്ചു തള്ളുക തന്നെ ചെയ്യുമെന്നും ജോൺ എഫ്. കെന്നഡി സ്കൂൾ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുക തന്നെ ചെയ്യുമെന്നും മാനേജ്മെൻറ് അറിയിച്ചു.

Advertisement