പതാരം സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട്
അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി

Advertisement

ശാസ്താംകോട്ട: നിയമന തർക്കം മൂലം നാല് ഭരണസമിതി അംഗങ്ങൾ രാജിവച്ച പതാരം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി കൊല്ലം സഹകരണ ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) ഉത്തരവായി
ബാങ്കിൽ നിലവിലുണ്ടായിരുന്ന അറ്റൻഡർ,പ്യുൺ. സെയിൽസ്മാൻ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് ഭരണസമിതിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത്.


ടെസ്റ്റ് നടത്തുവാനുള്ള ഏജൻസിയെ പ്രസിഡന്റ് എകപക്ഷീയമായി നിശ്ചയിച്ചു എന്നും ഇൻ്റർവ്യൂവിന് ബോർഡഗംഗങ്ങളെക്കൊണ്ട് മൂല്യനിർണയം നടത്തിയില്ല എന്നും റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയോ ‘ പ്രസിദ്ധീകരിക്കുകയോ ചെയ്യാതെ നോട്ടീസ് പോലും നടത്താതെ ഏക പക്ഷീയമായി നാലംഗങ്ങളെ മാത്രം കൂട്ട് പിടിച്ച് രഹസ്യമായി നിയമനം നടത്തി എന്നായിരുന്നു രാജിവച്ച എം.വി ജയരാഘവൻ, ബി.ശിവദാസൻ, വി സുരേന്ദ്രൻ, വി.ലൈലാബീവി എന്നിവർ സഹകരണ ജോയിൻ്റ് രജിസ്ടാർക്ക് നൽകിയ പരാതിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നത്.


മകൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ താജുദ്ദീൻ എന്ന ബോർഡംഗം നേരത്തേ രാജി വച്ചിരുന്നു.
നിയമനത്തിനെതിരേ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിൽ ജോയിൻ്റ് രജിസ്ട്രാർ അന്വേഷിക്കുവാനും അതുവരെ നിയമനം താൽകാലികം മാത്രമാക്കിയും കേരള ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു
നിയമന പരാതിയിൽ ഇടപെട്ട കെപിസിസി പ്രസിഡന്റ് ഇരുകൂട്ടരേയും നേരിട്ട് കേൾക്കുകയും
ബാങ്ക് ഭരണം നഷ്ടമാക്കാതെ പ്രസിഡൻ്റ് രാജിവച്ചൊഴിയാനും പകരം പുതിയ പ്രസിഡൻറിനു വഴിയൊരുക്കാനും ഡി.സി.സി പ്രസിഡന്റ് വഴി നിർദ്ദേശം നൽകി എങ്കിലും തീരുമാനം നടപ്പായില്ല.


ഇതിനിടെ ആദ്യം രാജിവച്ച താജുദീനു പകരം മറ്റൊരാളെ ഭരണ സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തു.
ഈ നിർദേശം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തുകയും മറ്റു നാലംഗങ്ങൾ രാജി വയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ബാങ്ക് ഭരണസമിതിയുടെ ക്വാറം നഷ്ടമാവുകയായിരുന്നു
2023 ൽ ശതാബ്ദി ആഘോഷിക്കുന്ന ബാങ്കിൽ നാളിതുവരെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഉണ്ടായിരുന്നത്.
ജോയിൻ്റ് രജിസ്ട്രാരുടെ ഉത്തരവിനെ തുടർന്ന് ശാസ്താംകോട്ട സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസിലെ യൂണിറ്റ് ഇൻസ്പെക്ടർ സന്തോഷ് കുമാർ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു.

Advertisement