വിചാരിച്ചാല്‍ കൊല്ലം പൊലീസ് ബാംഗ്ളൂരീന്നുവരെ പൊക്കും, ഏത് എംഡിഎംഎ ചേട്ടന്മാരേയും

Advertisement

പണി നിര്‍ത്തിക്കോ, ഒറ്റ നമ്പര്‍ മതി ബാക്കി ജീവിതം ജയിലിലാകും

കൊല്ലം . രാസലഹരിയുടെ ഉറവിടം തേടിയുള്ള യാത്രയിൽ കൂടിയ അളവിൽ മയക്ക് മരുന്ന് വ്യാപാരം നടത്തി വന്ന രണ്ട് യുവാക്കളെ ബാംഗ്ലൂരിൽ നിന്നും കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി.

കൊല്ലം കണ്ണനല്ലൂർ അൽ-അമീൻ മൻസിലിൽ അൽഅമീൻ(26), കൊല്ലം വാളത്തുങ്കൽ കാർഗിൽ വീട്ടിൽ ഫൈസൽ(25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി കഴിഞ്ഞ മാസം കൊല്ലം നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിന്നും കണ്ണനല്ലൂർ, വാലിമുക്ക്, കാർത്തികയിൽ ടോം തോമസിനെ 60 ഗ്രാം എം.ഡി.എം.എ യുമായി ജില്ലാ ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ബാംഗ്ലൂരിൽ എത്തിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പഠനത്തിനും മറ്റുമായി എത്തുന്ന വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിച്ച് പോലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ബാംഗ്ലൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളിൽ നിന്നും പ്രതികൾ പിടിയിലായത്. കൂടിയ അളവിൽ ലഹരി മരുന്നുകൾ സംഭരിച്ച് വിദ്യർത്ഥികളിലുടെയും യുവാക്കളിലൂടെയും ആവശ്യക്കാരുടെ പക്കല്‍ എത്തിക്കുന്നതാണ് ഇവരുടെ രീതി. ഇപ്രകാരം ടോം തോമസിനും ലഹരി മരുന്ന് നൽകിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.


ജില്ലാ ഡാൻസാഫ് ടീമിന്റെ ചുമതലയുളള സി. ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സക്കറിയ മാത്യൂ, കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ അഭിലാഷ് എ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അരുൺ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ രെഞ്ചു, എസ്.സി.പി.ഓ മാരായ രഞ്ജിത്ത്, രാജഗോപാൽ, ഡാൻസാഫ് അംഗമായ രതീഷ്, സി.പി.ഓ രമേശ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.


പൊതുജനങ്ങൾക്ക് ലഹരി വ്യാപാരത്തെ പറ്റിയും ഉപയോഗത്തെ പറ്റിയുമുള്ള വിവരങ്ങൾ 9497980223, 1090, 0474 2742265, എന്നീ ഫോൺ നമ്പർ മുഖേനയോ, കേരളാ പോലീസ് ഒരുക്കിയിരിക്കുന്ന ‘യോദ്ധാവ്-9995966666’ എന്ന വാട്‌സാപ്പ് നമ്പർ മുഖേനയോ അറിയിക്കാമെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

Advertisement