മയക്കുമരുന്നു വേട്ടക്കുപോയ കരുനാഗപ്പള്ളി എക്സൈസ് സംഘം കണ്ടത് ജീവനുവേണ്ടി മല്ലിടുന്ന ആളെ, ഞെട്ടിക്കുന്ന കഥ

Advertisement

കരുനാഗപ്പള്ളി. എക്സൈസിന്‍റെ മയക്കുമരുന്നു പരിശോധനായാത്ര ഒരു ജീവന്‍ രക്ഷപ്പെടുത്തി. കക്കകവാരുന്നതിനിടെ പായലില്‍കുരുങ്ങി കായലിൽ  പെട്ടുപോയ തൊഴിലാളിയെ കരുനാഗപ്പള്ളി എക്സൈസും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു . കരുനാഗപ്പള്ളി കൊതുക് മുക്ക് റെയിൽവേ പാലത്തിനു സമീപത്ത് യുവാക്കൾ ഒത്തുകൂടി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ലഭിച്ച പരാതി അന്വേഷിക്കുകയായിരുന്നു  കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദും സംഘവും.

രക്ഷാപ്രവര്‍ത്തനം

പരിശോധന നടത്തി വരവെ കന്നേറ്റി കായലിൽ കൊതുക് മുക്ക് റെയിൽവേ പാലത്തിനു സമീപത്ത് കക്കാവാരികൊണ്ടിരുന്ന തൊഴിലാളി റഫീക്ക് പായലിൽ കുടുങ്ങി മുങ്ങിതാഴുന്നത് കാണുകയായിരുന്നു. അധികമാരും പോകാത്ത ഈ മേഖലയില്‍ എക്സൈസ് സംഘം എത്തിയില്ലായിരുന്നുവെങ്കില്‍ യുവാവ് പായലില്‍ കുടുങ്ങി താഴുമായിരുന്നു.കുളവാഴയും പായലും കാറ്റില്‍ വള്ളത്തിനുചുറ്റും മൂടിയാണ് ഇയാള്‍ പെട്ടത്. രക്ഷപ്പെടാന്‍ നടത്തിയ ശ്രമം ആളെ അവശനാക്കി.

 ചവറ ഫയർ ഫോഴ്സ് യൂണിറ്റിൽ വിവരം അറിയിക്കുകയും ഫയർ ഫോഴ്സിന്റെയും എക്സൈസ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടെയും പ്രയത്നത്തിൽ തൊഴിലാളിയെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തുകയുമായിരുന്നു . കക്കാ വാരുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒഴുകിയെത്തിയ പായൽ കൂമ്പാരത്തിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 01 വരെ ആരുടെയും ശ്രദ്ധ പതിക്കാതെ പായലിൽ കുടുങ്ങി ജീവനോട് മല്ലിടുകയായിരുന്നു റഫീക്ക്, എന്ന് പിന്നീട് വ്യക്തമായി.

Advertisement