കല്ലടയാറ്റിൽ നിരോധനം ലംഘിച്ച് അനധികൃത മണൽവാരൽ തകൃതി

Advertisement

ശാസ്താംകോട്ട : കല്ലടയാറ്റിൽ നിരോധനം ലംഘിച്ച് അനധികൃത മണൽവാരൽ വ്യാപകമാകുന്നതായി പരാതി.രാത്രികാലങ്ങളിലാണ് മണൽവാരൽ തകൃതിയായിരിക്കുന്നത്.

ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടർന്ന് വർഷങ്ങളായി കല്ലടയാറ്റിലെ മണൽവാരൽ നിരോധിച്ചിരിക്കയാണ്.ഇതിനാൽ മണൽ വാരി ഉപജീവനം നടത്തിവന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും തൊഴിലില്ലാതെ വലയുമ്പോഴാണ് അനധികൃത മണൽ മാഫിയ ദിവസവും ലക്ഷങ്ങൾ സമ്പാദിക്കുന്നത്.

ഏനാത്ത് പാലം മുതൽ കുന്നത്തൂർ പാലം വരെയും അതിന് തെക്കോട്ട് ചീക്കൽകടവ് പാലം,കടപുഴ പാലം വരെയുള്ള ഭാഗത്താണ് അനധികൃത മണൽവാരൽ നടക്കുന്നത്.ബലക്ഷയം മൂലം അപകട ഭീഷണി നേരിടുന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള കുന്നത്തൂർ പാലം ഭാഗത്ത് മണൽവാരൽ അതിരൂക്ഷമാണ്.നിരോധനം നിലവിൽ വരുന്നതിനു മുമ്പേ അപകട ഭീഷണി മുൻനിർത്തി ഇവിടെ പാലത്തോടു ചേർന്ന് മണൽവാരൽ തടഞ്ഞിരുന്നതാണ്.2018 ലെ മഹാപ്രളയം മുതൽ കല്ലടയാറ്റിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്.ചില ഭാഗങ്ങളിൽ മണൽ തിട്ടവരെ രൂപപ്പെട്ടതായാണ് വിവരം.

രാത്രികാലങ്ങളിൽ വാരുന്ന മണൽ സമീപ പുരയിടങ്ങളിൽ എത്തിച്ച് കടത്തുകയാണ് പതിവ്.പാത ഒരുക്കുന്നതിന് വസ്തു ഉടമകൾക്ക് വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പണം ലഭിക്കാറുണ്ട്.ചിലർ മണൽ വാരി പുഴയോട് ചേർന്നുള്ള ഇഷ്ടിക ഫാക്ടറികളിലെ ചെളിക്കുഴികളിൽ നിക്ഷേപിക്കുകയും പിന്നീട് കടത്തുകയുമാണ് രീതി. കല്ലടയാറിനോട് ചേർന്നുള്ള തിട്ടയിടിച്ചും മണൽ വാരൽ തകൃതിയാണ്.ഇതിനാൽ മഴക്കാലത്ത് കരഭൂമി ആറ്റിലേക്ക് ഇടിഞ്ഞു താഴുകയാണ്.കുന്നത്തൂർ തോട്ടത്തുംമുറി മൂന്നാം കിഴക്കതിൽ കടവ് ഭാഗത്ത് ഏക്കർ കണക്കിന് ഭൂമിയാണ് ഓരോ മഴക്കാലത്തും കർഷകർക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.

പോലീസ് – റവന്യൂ അധികൃതർക്ക് പരാതി നൽകിയാലും രക്ഷയില്ല.പലപ്പോഴും വിവരങ്ങൾ മണൽ മാഫിയക്ക് ചോർന്നു കിട്ടുന്നതും നിത്യസംഭവമാണ്.പരാതികൾ രൂക്ഷമാകുമ്പോൾ നാടകം കളിക്കാനിറങ്ങുന്ന പോലീസ് വിവരം മുൻകൂട്ടി മാഫിയ സംഘത്തെ അറിയിക്കുന്ന രീതിയും നിലവിലുണ്ട്.പോലീസിന്റെ വരവ് അറിയിക്കാൻ പ്രധാന ഭാഗങ്ങളിലെല്ലാം എസ്കോർട്ട് സംഘവും ഉണ്ടാകും.

അതിനിടെ അനധികൃത മണൽ വാരൽ രൂക്ഷമായ പുത്തനമ്പലം റോഡിലെ ആലുംകടവിൽ ആറ്റിലേക്ക് വാഹനങ്ങൾ എത്താനുള്ള പാതയിൽ ശാസ്താംകോട്ട എസ്.എച്ച് ഒ അനൂപിന്റെ നേതൃത്വത്തിൽ ഒരു മാസം മുമ്പ് വാരിക്കൂഴി തീർത്തിരുന്നു.എന്നാൽ ഈ കുഴികൾ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് നികത്തിയ ശേഷം വാഹനങ്ങളിൽ മണൽ കടത്തുകയാണ്.ശാസ്താംകോട്ട, പുത്തൂർ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലായതിനാൽ പോലീസ് ഇവിടേക്ക് ശ്രദ്ധിക്കാറില്ലെന്ന് പറയപ്പെടുന്നു.

Advertisement