എസ് എസ് എൽ സി ഫലംവരാൻ അഞ്ചുദിവസം മാത്രം; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല

Advertisement

തിരുവനന്തപുരം: എസ്.എസ്.എൽ.സി. ഫലംവരാൻ അഞ്ചുദിവസംമാത്രം ബാക്കിയിരിക്കെ ഗ്രേസ് മാർക്ക് സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുന്നു.

ഇത്തവണ ഗ്രേസ് മാർക്കുണ്ടാകുമോ അതോ കഴിഞ്ഞവർഷത്തെപ്പോലെ ബോണസ് മാർക്ക് തുടരുമോ എന്ന കാര്യത്തിൽപോലും വിദ്യാഭ്യാസവകുപ്പ് വ്യക്തതവരുത്തിയിട്ടില്ല.

കല, കായിക മത്സര ജേതാക്കൾക്കുപുറമേ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ്, എൻ.സി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ്ക്രോസ് യൂണിറ്റുകളിൽ അംഗങ്ങളായ വിദ്യാർഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകിവന്നിരുന്നത്. കോവിഡ് കാരണം ഇത്തരംപ്രവർത്തനങ്ങൾ കൃത്യമായി നടന്നിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞവർഷം ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. പകരം, ഉപരിപഠനത്തിന് നിശ്ചിതമാർക്ക് ബോണസ് പോയന്റായി നൽകുകയാണുണ്ടായത്.

കോവിഡ് പിൻവാങ്ങി, സ്‌കൂളുകൾ സജീവമായ സാഹചര്യത്തിൽ ഗ്രേസ് മാർക്ക് സംവിധാനം തിരികെക്കൊണ്ടുവരുമെന്നായിരുന്നു കുട്ടികളുടെയും അധ്യാപകരുടെയും പ്രതീക്ഷ. എന്നാൽ, ഇതിനാവശ്യമായ വിവരശേഖരണമോ സർട്ടിഫിക്കറ്റ് പരിശോധനയോ ഇതുവരെ നടന്നിട്ടില്ല. അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂളുകളിൽനിന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ഇത്തവണയും ഗ്രേസ് മാർക്ക് നൽകാനിടയില്ലെന്നാണ് സൂചന. ഇത്തരം സംഘടനകളും അവയ്ക്കുള്ള ഗ്രേസ് മാർക്കുമാണ് പൊതുവിദ്യാഭ്യാസത്തെ ആകർഷകമാക്കുന്നത്.

എഴുത്തുപരീക്ഷയിൽ ലഭിച്ച മാർക്കിനൊപ്പം ഗ്രേസ് മാർക്ക് കൂടി ചേർത്ത് ഗ്രേഡ് ഉയർത്തുന്ന നിലവിലെ രീതിക്കെതിരേ ചില കോണുകളിൽനിന്ന് എതിർപ്പുയർന്നിരുന്നു. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഇതുവഴി അനർഹമായ അവസരങ്ങൾ ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി ഏതാനും സി.ബി.എസ്.ഇ. പ്ലസ്ടു വിദ്യാർഥികൾ ഹൈക്കോടതിയിൽ ഹർജിയും ഫയൽചെയ്യുകയുണ്ടായി. ഗ്രേസ് മാർക്ക് എഴുത്തുപരീക്ഷയ്ക്ക് കിട്ടിയ മാർക്കിനൊപ്പം ചേർക്കാതെ സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തും, 90 ശതമാനത്തിനുമുകളിൽ മാർക്കുള്ള കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകില്ല എന്നീമാറ്റങ്ങളോടെ ഹയർസെക്കൻഡറി പരീക്ഷ മാന്വൽ ഫെബ്രുവരിയിൽ സർക്കാർ പരിഷ്‌കരിച്ചതിനെത്തുടർന്ന് ഹർജി ഹൈക്കോടതി തീർപ്പാക്കി.

15-ന് എസ്.എസ്.എൽ.സി. ഫലം വരുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഹയർസെക്കൻഡറി മാതൃകയിൽ എസ്.എസ്.എൽ.സി.ക്കാർക്കും ഗ്രേസ് മാർക്ക് നൽകാനുള്ള തീരുമാനംവന്നാൽപ്പോലും നടപടിക്രമങ്ങൾക്കായി ഏറെസമയം ബാക്കിയില്ല.ഇതുവരെ വിവരശേഖരണമോ സർട്ടിഫിക്കറ്റ് പരിശോധനയോ നടന്നിട്ടില്ല .

Advertisement