ജോൺ പോളിനെ അവസാനമായി ഒരു നോക്ക് കാണാൻ മമ്മൂട്ടി എത്തി

Advertisement

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അവസാനമായി ഒരു നോക്ക് കാണാൻ നടൻ മമ്മൂട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി.

മമ്മൂട്ടിക്കൊപ്പം നിർമ്മാതാവ് ആന്റോ ജോസഫും എത്തിയിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് വിടവാങ്ങിയത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.

കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ പോളിന്റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 2ലക്ഷം രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തിലധികം രൂപ പൊതുജനങ്ങളിൽ നിന്ന് ചികിത്സ സഹായമായി എത്തി. ജോൺ പോളിനെ മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി കണ്ടിരുന്നു. മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോൺ പോളിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ ഈ നടപടി പുരോഗമിക്കുന്നതിനിടെ അദ്ദേഹം വിട വാങ്ങുകയായിരുന്നു. കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്.

Advertisement