അരളിപ്പൂ, പൂജാപുഷ്പം പുറത്തേക്ക്

Advertisement

തിരുവനന്തപുരം. ക്ഷേത്രങ്ങളിൽ പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കണോ എന്ന കാര്യത്തിൽ ദേവസ്വം ബോർഡ് ഉടൻ തീരുമാനമെടുക്കും. ഹരിപ്പാട് സ്വദേശിനി അരളിപ്പൂ കഴിച്ചതിന് ശേഷം മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വിഷാംശമെന്ന് സ്ഥിരീകരിച്ചു.. യുവതിയുടെ ആന്തരികാവയവങ്ങളുടെ കെമിക്കൽ ഫലം വന്നതിന് ശേഷമാകും ദേവസ്വം ബോർഡിന്റെ അന്തിമ തീരുമാനം.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് വിദേശത്ത് പോകാൻ വിമാനത്താവളത്തിൽ എത്തിയ 24 കാരി സൂര്യാ സുരേന്ദ്രൻ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷാംശം ഉള്ളിൽ ചെന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും യുവതിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തി.. യാത്ര പുറപ്പെടുന്നതിനു മുമ്പ് സൂര്യ അരളിപ്പൂ കഴിച്ചതായി ഡോക്ടർമാരോട് പറഞ്ഞിരുന്നു. അരളിപ്പൂവിന്റെ വിഷമാണോ മരണകാരണമെന്ന് അറിയാൻ ആന്തരികാവയവങ്ങളുടെ കെമിക്കൽ പരിശോധന ഫലം പുറത്തുവരണം. മൂന്ന് ദിവസത്തിനുള്ളിൽ ഫലമെത്തും. അതേസമയം ക്ഷേത്രങ്ങളിൽ പൂജയ്ക്കായി പൂവ് ഉപയോഗിക്കണമോ എന്ന കാര്യത്തിൽ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കും. ഇന്നലെ ബോർഡ് ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തിയിരുന്നു.. അരളിപ്പൂ ഉപയോഗിക്കുന്നതിൽ ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ബോർഡിനെ ആശങ്കയറിയിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കൂടി നിർദ്ദേശം കണക്കിലെടുത്താകും അരളിപ്പൂ ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊള്ളുക.

ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കിയാല്‍ തമിഴ്നാട്ടില്‍ നിന്നും ദിവസവും കേരളത്തിലേക്ക് എത്തുന്ന ലോഡ് കണക്കിന് അരളിപ്പൂവിന് ആളില്ലാതാകും. കേരളത്തിനായി തമിഴ്നാട്ടില്‍ അരളിപ്പാടങ്ങള്‍ തന്നെ സജ്ജമാണ്. അതിര്‍ത്തി കടന്നെത്തുന്ന പലതരം വിഷങ്ങളില്‍ ഒന്നുമാത്രമാണിതെന്ന വാദവുമുണ്ട്.

Advertisement