ലോക്‌സഭ തിരഞ്ഞെടുപ്പ്: യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ സംസ്ഥാനത്ത് യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. മൂന്ന് ലക്ഷത്തിലധികം നവവോട്ടർമാരാണ് സമ്മതിദാന അവകാശം രേഖപ്പെടുത്താനായി തയ്യാറെടുക്കുന്നത്. 2023 ഒക്ടോബർ പ്രസിദ്ധീകരിച്ച വോട്ടർപട്ടികക്ക് ശേഷം 3,88,000 വോട്ടർമാരാണ് പുതുതായി ചേർന്നിട്ടുളളത്. 18 – 19 വയസ് പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധനവ് ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്.

ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കിയതെന്നാണ് വിലയിരുത്തൽ.സോഷ്യൽ മീഡിയ മുഖേനയും കോളജുകൾ, സർവകലാശാലകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടുവണ്ടി പ്രചാരണ വാഹനം സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. വോട്ടർ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ചീഫ് ഇലക്‌ടറൽ ഓഫീസറുടേയും ജില്ലാ തെരഞ്ഞെടപ്പ് ഓഫീസർമാരുടേയും നേതൃത്വത്തിൽ തയാറാക്കി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്ത പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Advertisement