വാർത്താനോട്ടം

2024 മാർച്ച് 25 തിങ്കൾ

BREAKING NEWS

👉 കൊറ്റം കുളങ്ങര ചമയ വിളക്കെടുപ്പ് സമാപനത്തില്‍ വണ്ടിക്കുതിര വലിച്ചുകയറ്റിയ തിക്കില്‍പ്പെട്ട് അഞ്ചുവയസുകാരി മരിച്ചു

👉കരുനാഗപ്പള്ളിയിൽ ടിപ്പർ ലോറി പൊട്ടിച്ച കേബിൾ സ്ക്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ കുരുങ്ങിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

👉പല കേന്ദ്ര മന്ത്രിമാർക്കും സീറ്റ് നൽകാതെ ബി ജെ പിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക; വരുൺ ഗാന്ധിക്കും സീറ്റില്ല.

👉 എസ് എസ് എൽ സി ഫല പ്രഖ്യാപനം മെയ് രണ്ടാം വാരത്തിൽ

👉 അരവിന്ദ് കേജരിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധം തുടരുന്നു. എപിപി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കും.

👉 കൊച്ചി നെട്ടൂരിൽ ടിപ്പർ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ആർ റ്റി ഒ യുടെ നേതൃത്വത്തിൽ ഇന്ന് വാഹന പരിശോധന.

👉ദേവികുളം ടോൾ പ്ലാസക്ക് സമീപം ദേശീയ പാതയിൽ പടയപ്പ എന്ന കാട്ടാനയിറങ്ങി;ആനയെ തുരത്താൻ ആർ ആർ റ്റി ശ്രമം

🌴കേരളീയം🌴

🙏ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 111 പേരടങ്ങുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍ കൊല്ലത്തും എറണാകുളത്ത് കെ എസ് രാധാകൃഷ്ണനും ആലത്തൂരില്‍ ടിഎന്‍ സരസുവും മത്സരിക്കും.

🙏 ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ ഫലം മെയ് രണ്ടാം വാരം പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്ക് വെച്ച് വിദ്യാഭ്യാസ വകുപ്പ്. ഇന്നത്തോടെ എസ് എസ് എല്‍ സി പരീക്ഷ അവസാനിക്കും. ഏപ്രില്‍ മൂന്നു മുതല്‍ മൂല്യ നിര്‍ണയം തുടങ്ങും. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചാണ് മൂല്യ നിര്‍ണയം നടത്തുക. നാളത്തോടെ പ്ലസ് ടു പരീക്ഷകളും അവസാനിക്കും.

🙏 തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ തോമസ് ഐസക്കിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി.

🙏 കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ സോബി ജോര്‍ജിന്റെ പേരില്‍ കലാഭവന്‍ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ കലാഭവന്‍ വാര്‍ത്താ കുറിപ്പിറക്കി. വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ സോബി ജോര്‍ജിനെ കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ച് ബത്തേരി പൊലീസ് പിടികൂടിയിരുന്നു.

🙏 കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കെഎസ്ഇബി ട്രാന്‍സ്ഫോര്‍മര്‍ റോഡിലേക്ക് വീണു. തുടര്‍ന്ന് റോഡില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. ദേശീയപാത നിര്‍മ്മാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാന്‍സ് ഫോര്‍മറാണ് റോഡിലേക്ക് മറിഞ്ഞു വീണത്.

🙏 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാന്‍ സാധ്യത. മാര്‍ച്ച് 27നും അതേ ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

🙏 പ്രശസ്ത സാഹിത്യകാരന്‍ ടി എന്‍ പ്രകാശ് (69) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ പ്രകാശിന്റെ ഏറ്റവും ശ്രദ്ധ നേടിയ നോവല്‍ കൈകേയി ആയിരുന്നു.

🙏 തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ പാല്‍ കറക്കുന്നതിനിടെ നാല് പശുക്കള്‍ ഷോക്കേറ്റ് ചത്തു. പശുക്കളെ കറന്നുകൊണ്ടിരുന്ന ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരന്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് പശുക്കളില്‍ നാലെണ്ണമാണ് ഷോക്കേറ്റ് ചത്തത്.

🙏 യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് കെ ജാമിദയ്ക്കെതിരെ പൊലീസ് കേസെടുത്തു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് വൈത്തിരി പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വിദ്വേഷവും വ്യാജവുമായ പ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ജാമിദയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായതായി പൊലീസ് വ്യക്തമാക്കി.

🇳🇪 ദേശീയം 🇳🇪

🙏 പ്രതിപക്ഷത്തിനെതി
രായ കേന്ദ്രത്തിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് അടുത്ത ഞായറാഴ്ച രാംലീല മൈതാനിയില്‍ ഇന്ത്യാ സഖ്യത്തിന്റെ വമ്പന്‍ റാലി. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

🙏 ജലബോര്‍ഡുമായി ബന്ധപ്പെട്ട ഉത്തരവിറക്കി ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ കൃത്യനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

🙏 നാല് സീറ്റിലും വിജയിച്ച ഇടതുപക്ഷ സഖ്യത്തിന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയം. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടന്ന മത്സരത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് എബിവിപി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി ഇടതു സഖ്യം വിജയം നേടിയത്.

🙏 ജെഎന്‍യു തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്ത് മലയാളിയായ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി കെ ഗോപിക ബാബു വിജയിച്ചു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ കൗണ്‍സിലറായാണ് ഗോപിക വിജയിച്ചത്. നാല് വര്‍ഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരേയൊരു മലയാളി വിദ്യാര്‍ത്ഥിനിയാണ് ഗോപിക.

🙏 വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുന്‍പു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്.

🙏 തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രക്കും വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി ചോദ്യക്കോഴ കേസില്‍ സിബിഐ കുറ്റപത്രം.

🙏 ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ റെയ്ഡ് നടത്തിയതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണന്‍ നടത്തിയ അസഭ്യ പ്രയോഗം വിവാദത്തിലായി. മന്ത്രിയെ പുറത്താക്കണമെന്നും ഇല്ലെങ്കില്‍ പരാമര്‍ശം സ്റ്റാലിന്റെ അനുവാദത്തോടെയെന്ന് കരുതേണ്ടിവരുമെന്നും ബിജെപി പ്രതികരിച്ചു.

🙏 ചെന്നൈ ഈറോഡ് എംപി എ.ഗണേശമൂര്‍ത്തിയെ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഡിഎംകെ പാര്‍ട്ടി നേതാവായ ഗണേശമൂര്‍ത്തി ഡിഎംകെ ചിഹ്നത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു.

🙏 ഭീകരസംഘടനയായ
ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാകണമെന്ന്
സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഐഐടി ഗുവാഹത്തിയിലെ നാലാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

🙏 ഉത്തര്‍പ്രദേശിലെ മീററ്റില്‍ പല്ലവപുരം ഏരിയയിലെ ജനതാ കോളനിയിലെ ഒരു കുടുംബത്തില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ നാല് സഹോദരങ്ങള്‍ വെന്തുമരിച്ചു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

🇦🇴 അന്തർദേശീയം 🇦🇺

🙏 ജോലിക്കും പഠനത്തിനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച് കാനഡ. ഇന്ത്യാക്കരടക്കം എല്ലാ വിദേശികള്‍ക്കും വലിയ തിരിച്ചടി ആയിരിക്കും കാനഡയുടെ ഈ തീരുമാനം. ഇതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ താല്‍ക്കാലിക താമസക്കാരുടെ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കും.

🙏 യുക്രൈനെതിരായ ആക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈന്‍ തലസ്ഥാനത്തേക്ക് എത്തിയ 18 റഷ്യന്‍ മിസൈലുകളും 25 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. ആളുകള്‍ മെട്രോ സ്റ്റേഷനുകളില്‍ അടക്കം അഭയം പ്രാപിച്ചതിനാല്‍ വലിയ രീതിയിലുള്ള ആള്‍നാശമുണ്ടായില്ല.

🏏🏏കായികം🏏🏏

🙏 ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം. 20 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയത്.

🙏 രാജസ്ഥാന്‍ മുന്നോട്ടുവച്ച 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലക്‌നൗവിന്, 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 52 പന്തില്‍ 82 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സാണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്.

🙏 ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ആറ് റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഗുജറാത്തിന്റെ റണ്ണൊഴുക്ക് തടഞ്ഞത്

Advertisement