പാർലമെന്റ് ഇലക്ഷൻ പ്രഖ്യാപിച്ചതിനു പിന്നാലെ സപ്ലൈകോയിൽ സ്ഥലം മാറ്റമെന്ന് ആക്ഷേപം

ശാസ്താംകോട്ട (കൊല്ലം) : രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സപ്ലൈകോയിൽ സ്ഥലം മാറ്റം നടപ്പാക്കിയതായി പരാതി.തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന്റെ തലേ ദിവസത്തെ തീയതി വച്ചാണ് സ്ഥലം മാറ്റ ഉത്തരവ് സപ്ലൈകോ ഇറക്കിയതെന്നാണ് ആക്ഷേപം ഉയരുന്നത്.മേഖലാ മാനേജർ ജലജ.ജി.എസ്.റാണിയുടെ
പേരിലാണ് ഉത്തരവ് ഇറങ്ങിയത്.സപ്ലൈകോ തിരുവനന്തപുരം മേഖലയിലെ മാവേലി കസ്റ്റോഡിയൻ,നോൺ മാവേലി കസ്റ്റോഡിയൻ,എൻഎഫ്എസ്എ ഓഫീസർ ഇൻ ചാർജ്ജ് എന്നീ തസ്തികകളിലായി 16 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.എന്നാൽ ഇതേ തസ്തികയിലെ മുഴുവൻ ജീവനക്കാരേയും സ്ഥലം മാറ്റിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.മാർച്ച് 16ന് ഇലക്ഷൻ പ്രഖ്യാപിച്ചതിനു ശേഷം പതിനഞ്ചാം തീയതി വെച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.16-ാം തീയതി തന്നെ ഈ ഉത്തരവിലെ ഒരു ഉദ്യോഗസ്ഥനെ ഒഴിവാക്കി മറ്റൊരാളെ ഉൾപ്പെടുത്തി പുതുക്കിയ ഉത്തരവും പുറപ്പെടുവിച്ചു.ഉത്തരവിലെ 12-ാം നമ്പരിലെ ആളിനെ ഒഴിവാക്കി മറ്റൊരാളെ ഉൾപ്പെടുത്തുകയും ചെയ്തു.മാർച്ച് 31ലെ സ്റ്റോക്കെടുപ്പിന് ശേഷമാണ് സാധാരണ സ്ഥലം മാറ്റം നടത്തുന്നത്.എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അതിനു ശേഷം നടത്തേണ്ട സ്ഥലം മാറ്റമാണ് മുൻ തീയതി വച്ച് നടപ്പാക്കിയിരിക്കുന്നത്.എന്നാൽ ഇതോടൊപ്പം ചെയ്യേണ്ട മാവേലി സ്റ്റോർ,സൂപ്പർ മാർക്കറ്റ് മാനേജർമാരുടെ സ്ഥലം മാറ്റത്തിന് ഉത്തരവ് പുറപ്പെടുവിച്ചതുമില്ല.സ്ഥലം മാറ്റപ്പെടേണ്ട എല്ലാ ഉദ്യോഗസ്ഥരേയും മാറ്റിയിട്ടില്ലാത്തതിനാൽ നിലവിലെ ഉത്തരവ് നടപ്പിലാക്കാൻ പ്രയാസമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.യാഥാർത്ഥ്യം ഇതായിരിക്കെ ധൃതി പിടിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിനാലെ ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത് എന്തിനെന്ന് ജീവനക്കാർക്കു പോലും മനസിലായിട്ടില്ല.

Advertisement